Skip to content
November 19, 2026
⌕

സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായി; നഷ്ടമായാൽ മാന്യമായി ചെയ്യേണ്ട കാര്യമുണ്ടെന്ന് എം.വി. ഗോവിന്ദൻ | MV Govindan Criticises UDF

November 18, 2026
Share this post to
 MV Govindan

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും ഇന്നത്തെ മന്ത്രിസഭാ യോഗം തന്നെ അതിന് തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടാൽ മാന്യമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ടെന്നും എന്നാൽ ഇപ്പോൾ അതിലേക്ക് പോകണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നല്ല തീരുമാനങ്ങളെ പ്രതിപക്ഷം പിന്തുണച്ചിട്ടുണ്ടെന്നും തെറ്റായ നിലപാടുകളെ തുറന്നുകാട്ടിയിട്ടുണ്ടെന്നും ഗോവിന്ദൻ അവകാശപ്പെട്ടു. കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വഴങ്ങുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കരിമണൽ ഖനനവും സരൾ പദ്ധതിയും സ്വകാര്യ വ്യക്തികൾക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം ഓഹരി വിൽപ്പനയിൽ ഇളവ് നൽകിയതായും ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയതായും വിമർശിച്ചു. ( MV Govindan Criticises UDF)

വൈദ്യുതി കരാറിൽ മന്ത്രി സണ്ണി ജോസഫിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മതിച്ച കാര്യവും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട അതൃപ്തിയും സർക്കാർതലത്തിലെ ഭിന്നതയുടെ സൂചനകളാണെന്ന് ഗോവിന്ദൻ പറഞ്ഞു. ബോർഡ്-കോർപ്പറേഷൻ വിഭജനവും പൂർത്തിയായിട്ടില്ല. രണ്ടര മണിക്കൂർ മന്ത്രിസഭാ യോഗം ചേർന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ നയപരമായ ചർച്ചകൾ നടക്കേണ്ടത് കോൺഗ്രസിലും യുഡിഎഫിലുമാണെന്നും കെപിസിസി പ്രസിഡന്റുമായി പോലും ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹികമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടി തെറ്റാണെന്നും ഓൺലൈൻ സംവിധാനങ്ങൾ സർക്കാർ അട്ടിമറിച്ചെന്നും ഗോവിന്ദൻ ആരോപിച്ചു. മാസപ്പടി വാങ്ങുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്നും ക്ഷേമപെൻഷൻ കൃത്യമായി വീടുകളിലെത്തുന്നില്ലെന്നും സർക്കാർ ആശുപത്രികളുടെ പ്രവർത്തനവും മോശമാണെന്നും അദ്ദേഹം വിമർശിച്ചു. അഴിമതി വ്യാപകമാണെന്നും അധികാരത്തിലെത്തി ആറുമാസം തികയുംമുമ്പ് ഡിസിസി നേതാവ് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നതായും പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ വിനയകുമാർ സിപിഎം വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനും ഗോവിന്ദൻ മറുപടി നൽകി. വിനയകുമാർ കഴിഞ്ഞ വർഷം മുതൽ പാർട്ടി അംഗത്വത്തിലില്ലാത്ത വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരിക്ക് നൽകിയ യാത്രയയപ്പ് ശരിയായിരുന്നുവെന്നും വ്യക്തമാക്കി. ഐ.പി. ബിനുവിനെ റൗഡി പട്ടികയിൽ ഉൾപ്പെടുത്തിയ പൊലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദൻ അറിയിച്ചു.

Summary: CPI(M) state secretary M.V. Govindan alleged that the UDF government in Kerala has lost collective responsibility and criticised its decisions on economic, education and welfare matters. He also raised allegations of corruption and internal differences within the government, while responding to questions about Vinayakumar and the police action against I.P. Binu.

 

Get more updates from Pudukad News on Google