അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനുൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് സങ്കടകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം ഇവർക്ക് ഏൽക്കാതിരിക്കട്ടെ”, കൊലപാതകത്തിൽ കാവ്യനീതിയുണ്ടാകുമെന്നും സുരേഷ് ഗോപി

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം ഇവർക്ക് ഏൽക്കാതിരിക്കട്ടെയെന്നും, കൊലപാതകത്തിൽ കാവ്യനീതിയുണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിലാണ് ഹൈക്കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
14 വർഷത്തിന് ശേഷം എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞ കേസിൽ 33 സി.പി.എം പ്രവർത്തകരാണ് പ്രതികളായി ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ രണ്ടുപേർ മരിച്ചു.
ബാക്കിയുള്ളവരിൽ 13 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തുകയും, ഒന്ന്, മൂന്ന്, ഏഴ്, ഒൻപത്, 10, 12, 15 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
32-ാം പ്രതിയായിരുന്ന പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെയാണ് കോടതി വെറുതെ വിട്ടത്.




