Skip to content
November 19, 2026
⌕

കാവ്യ മാരന്‍ – അനിരുദ്ധ് വിവാഹം: ദ്രാവിഡ രാഷ്ട്രീയവും പെരിയാര്‍ ആശയങ്ങളും പാരമ്പര്യവും, മാറ്റങ്ങള്‍ തമിഴകം എങ്ങനെ കാണുന്നു?

November 19, 2026
Share this post to

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും പ്രശസ്ത സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇതൊരു സാധാരണ സെലിബ്രിറ്റി വിവാഹം മാത്രമല്ല; മറിച്ച് തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടിലേറെയുള്ള ചരിത്രത്തെയും, പെരിയാറിന്റെ ‘സെല്‍ഫ് റെസ്‌പെക്റ്റഡ് മാര്യേജ്’ ആശയങ്ങളില്‍ നിന്ന് മാറുന്ന സാമൂഹിക ചുറ്റുപാടുകളിലേക്കുള്ള മാറ്റങ്ങളെയും ഗൗരവത്തോടെ അടയാളപ്പെടുത്തുന്ന ഒന്നായി വിവാഹം മാറിയിരിക്കുന്നു. എന്താണ് ഇതിന് പിന്നിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം? നിരീക്ഷകര്‍ എങ്ങനെ വിലയിരുത്തുന്നു?

സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളായ കാവ്യ മാരന്‍ വിവാഹം കഴിച്ചത് പരമ്പരാഗത തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍പ്പെട്ട അനിരുദ്ധിനെയാണ്. കരിയറിലും കുടുംബ പശ്ചാത്തലത്തിലുമുള്ള ഈ കൂട്ടിച്ചേര്‍ക്കല്‍ തമിഴ് രാഷ്ട്രീയത്തിലെ പഴയകാല ചരിത്രങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്.

1963-ല്‍ മുരസോലി മാരന്‍ (കാവ്യ മാരന്റെ മുത്തച്ഛന്‍) മല്ലിക മാരനെ വിവാഹം കഴിച്ചപ്പോള്‍, അത് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വം ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള വലിയ രാഷ്ട്രീയ മുന്നേറ്റമായാണ് ആഘോഷിച്ചിരുന്നത്.

ഡിഎംകെ നേതാക്കളായ പെരിയാര്‍ ഇ.വി. രാമസാമി, സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി എന്നിവര്‍ പ്രചരിപ്പിച്ച ‘സെല്‍ഫ് റെസ്‌പെക്റ്റഡ് മാര്യേജ്’ എന്ന ആശയത്തിന്റെ ഭാഗമായാണ് ഇത്തരം അന്തര്‍ജാതി വിവാഹങ്ങള്‍ അക്കാലത്ത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നത്.

 ദ്രാവിഡ യുക്തിവാദത്തിന് സമൂഹത്തിലെ ജാതി വേരുകള്‍ അറുത്തെറിയാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായാണ് അന്ന് ഇതിനെ ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാല്‍ മൂന്ന് തലമുറകള്‍ പിന്നിടുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാള്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കും കുടുംബ പശ്ചാത്തലങ്ങള്‍ക്കും ഇന്നത്തെ യുവതലമുറ പ്രാധാന്യം നല്‍കുന്നു.

ഇതിന് കൃത്യമായ മറ്റൊരു ഉദാഹരണമാണ് അടുത്തിടെ ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകന്റെ കൊച്ചുമകളുടെ വിവാഹം. ക്ഷണക്കത്തില്‍ പെരിയാറിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും ചിത്രങ്ങള്‍ പ്രമുഖമായി നല്‍കിയിരുന്നെങ്കിലും, വിവാഹം നടന്നത് വേദപണ്ഡിതന്മാരുടെ കാര്‍മികത്വത്തിലും സംസ്‌കൃത മന്ത്രോച്ചാരണങ്ങളോടെയുമായിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

ദ്രാവിഡ കഴകം നേതാവ് കെ. വീരമണി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ പരസ്യമായി രംഗത്തുവരികയും, ഉന്നത നേതാക്കളുടെ ഇത്തരം പ്രവൃത്തികള്‍ ദ്രാവിഡ പ്രസ്ഥാനത്തിന്റെ യുക്തിവാദ അടിത്തറയെ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

വിവാദങ്ങള്‍ ശക്തമായതോടെ ദുരൈ മുരുകന്‍ പരസ്യമായി ഖേദപ്രകടനം നടത്തുകയും, താന്‍ കൊച്ചുമകളുടെ വ്യക്തിപരമായ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നുവെന്നു വ്യക്തമാക്കുകയും ചെയ്തു.

രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതുപോലെ, ഇരുപതാം നൂറ്റാണ്ടിലെ കടുത്ത പ്രത്യയശാസ്ത്ര പോരാട്ടങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോള്‍ വലിയൊരു സാമൂഹിക പ്രായോഗികതയിലേക്ക് വഴിമാറുന്ന കാഴ്ചയാണ് തമിഴ്‌നാട്ടില്‍ കാണുന്നത്.

പാരമ്പര്യം, വ്യക്തിപരമായ വിശ്വാസങ്ങള്‍, യുക്തിവാദം എന്നിവയെല്ലാം ഒരേസമയം ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന കാലഘട്ടത്തിലേക്കാണ് കാവ്യ- അനിരുദ്ധ് വിവാഹവും മറ്റ് സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത്.

ദ്രാവിഡ രാഷ്ട്രീയവും മാറുന്ന തമിഴ് സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ പ്രതികരണവുമായി എത്തുന്നുണ്ട്.

Get more updates from Pudukad News on Google