ബെംഗളൂരുവിൽ ക്രൂരകൊലപാതകം; ആക്രി പെറുക്കി ജീവിച്ചിരുന്ന 45കാരനെ കൈകാലുകൾ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

ബെംഗളൂരു: ആക്രി പെറുക്കി ജീവിക്കുന്ന 45കാരനെ അക്രമികള്‍ തീകൊളുത്തി കൊന്നു. ബെംഗളൂരുവിലെ ഗിരിനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കുള്ളണ്ണ ഗുഡ്ഡയ്ക്ക് സമീപമാണ് സംഭവം. 45കാരനായ സയ്യിദ് ഹാജി എന്നയാളാണ് ചികിത്സക്കിടെ മരിച്ചത്.
കൈകാലുകള്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. സംഭവത്തില്‍ തിരിച്ചറിയാത്തവര്‍ക്കെതിരെ പൊലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സയ്യിദ് ഹാജിയെ അക്രമികള്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷം മുഖം തുണികൊണ്ട് മൂടി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീപിടിച്ച നിലയില്‍ സയ്യിദ് ഹാജി റോഡിലേക്ക് ഓടിയെത്തി കുഴഞ്ഞുവീണു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 70 ശതമാനം വരെ പൊള്ളലേറ്റിരുന്നു.
സയ്യിദ് ഹാജിയുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ റോഡിലൂടെ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ സമീപിച്ച് കുന്നിന്മുകളില് ധാരാളം ആക്രിസാധനങ്ങളുണ്ടെന്നും കാണിച്ചുതരാമെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്കി. മുകളിലെത്തിയതും ഒരാള്‍ പിന്നില്‍ നിന്ന് പിടിച്ച് കൈകെട്ടി.
വായില്‍ തുണി തിരുകി. ശേഷം ഇവരുടെ കയ്യിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതികളെ മുമ്പ് കണ്ടിട്ടുണ്ടെന്നും വീണ്ടും കണ്ടാല്‍ അറിയാമെന്നും മൊഴിയിലുണ്ട്. സയ്യിദ് ഹാജിയുടെ കയ്യിലുണ്ടായിരുന്ന 600 രൂപയും പ്രതികള്‍ അപഹരിച്ചു.




