Skip to content
November 20, 2026
⌕

വിലക്കയറ്റം തിരിച്ചടിയായി. കൈമ അരി ഉപേക്ഷിച്ച് ഹോട്ടലുകള്‍, പകരം കോല അരിയിലേക്ക്. കാല അരിക്കു രുചിയില്ലെന്നു ഉപഭോക്താക്കളുടെ പരാതി

November 20, 2026
Share this post to

കോട്ടയം: അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബിരിയാണിയുടെ നിര്‍മ്മാണത്തിലും മാറ്റങ്ങള്‍ വരുന്നു. ബിരിയാണിക്കു പരമ്പരാഗതമായി ഉപയോഗിക്കുന്ന സുഗന്ധമുള്ള കൈമ അരിക്കു വിപണിയില്‍ തീവിലയായതോടെ ചെറുകിട ഹോട്ടല്‍ ഉടമകള്‍ കൂട്ടത്തോടെ കൈമ അരി ഉപേക്ഷിച്ച് വില കുറഞ്ഞ ‘കോല’ അരിയിലേക്കു മാറുകയാണ്.

നിലവില്‍ വിപണിയില്‍ കൈമ അരിക്ക് കിലോഗ്രാമിന് 200 രൂപ വരെയാണു വില. അതേസമയം, കോല അരിക്ക് കിലോഗ്രാമിന് 100 രൂപ മാത്രമാണ് വില വരുന്നത്. അരിവില ഇരട്ടിയായതോടെ ബിരിയാണിയുടെ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെയാണു ഹോട്ടലുകള്‍ കോല അരി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായത്.

 ഇറച്ചി, മസാലകള്‍, പാചകവാതകം എന്നിവയുടെ വില വര്‍ധനവിന് പിന്നാലെ അരിവില കൂടി കുതിച്ചുയര്‍ന്നത് ചെറുകിട ഹോട്ടല്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വില വര്‍ധിപ്പിച്ചാല്‍ സാധാരണക്കാരായ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ചെറുകിട ഹോട്ടല്‍ ഉടമകള്‍ക്കുള്ളത്. അതിനാല്‍ നിലവിലുള്ള വിലയില്‍ തന്നെ ബിരിയാണി നല്‍കുന്നതിനായി പകുതി വിലയ്ക്ക് ലഭിക്കുന്ന കോല അരി ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

എന്നാല്‍, അരി മാറിയതോടെ കോഴിക്കോടന്‍ ബിരിയാണിയുടെ തനത് രുചിയും മണവും നഷ്ടപ്പെട്ടതായി ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ പരാതിപ്പെടുന്നു. കൈമ അരിയുടെ പ്രത്യേക സുഗന്ധവും മൃദുത്വവും കോല അരിക്ക് ലഭിക്കുന്നില്ലെന്നും രുചിയില്‍ വലിയ കുറവുണ്ടെന്നുമാണ് ഉപഭോക്താക്കളുടെ പക്ഷം.

വന്‍കിട ഹോട്ടലുകള്‍ വില വര്‍ധിപ്പിച്ചും മറ്റും കൈമ അരി തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, സാധാരണക്കാര്‍ ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകളിലെ ബിരിയാണിയില്‍ നിന്നാണ് കൈമ അരി അപ്രത്യക്ഷമാകുന്നത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടല്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

Get more updates from Pudukad News on Google