നാല് വര്‍ഷത്തിനിടെ അമേരിക്കയിലേക്ക് കടത്തിയത് 5 ലക്ഷം ഗുളികകള്‍; വന്‍ ലഹരിക്കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍ തണ്ടര്‍’ എന്ന സംയുക്ത നീക്കത്തിലൂടെയാണ് സംഘത്തെ വലയിലാക്കിയത്

ഡല്‍ഹി: തപാല്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് വന്‍തോതില്‍ നിയന്ത്രിത മരുന്നുകളും ലഹരിമരുന്നുകളും കടത്തിയിരുന്ന രാജ്യാന്തര ശൃംഖലയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍ തണ്ടര്‍’ എന്ന സംയുക്ത നീക്കത്തിലൂടെയാണ് സംഘത്തെ വലയിലാക്കിയത്.
നവംബര്‍ 4 മുതല്‍ 13 വരെ ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്നൗ എന്നീ നഗരങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 2022 ജൂണ്‍ മുതല്‍ 2026 നവംബര്‍ വരെയുള്ള നാല് വര്‍ഷത്തിനിടെ ഏകദേശം 3,000 പാര്‍സലുകളിലായി അഞ്ച് ലക്ഷത്തോളം ഗുളികകള്‍ ഇവര്‍ അമേരിക്കയിലേക്ക് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സൈക്കോട്രോപിക് മരുന്നുകള്‍, ഒപിയോയ്ഡുകള്‍, ഡോക്ടറുടെ പ്രത്യേക കുറിപ്പടി ആവശ്യമുള്ള എന്‍.ആര്‍.എക്‌സ് വിഭാഗത്തിലുള്ള മരുന്നുകള്‍ എന്നിവയാണ് പ്രധാനമായും കടത്തിയിരുന്നത്.
അമേരിക്കയിലെ വിവിധ ഇടങ്ങളിലേക്ക് അയക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന 1,500-ലധികം ഗുളികകള്‍ എന്‍സിബി പിടിച്ചെടുക്കുകയും രണ്ട് ചരക്കുകള്‍ അമേരിക്കന്‍ ഏജന്‍സിയായ ഡി.ഇ.എ തടയുകയും ചെയ്തു. കൂടാതെ, മുന്‍പ് അയച്ച പാര്‍സലുകളുടെ വിവരങ്ങള്‍, മേല്‍വിലാസങ്ങള്‍, തപാല്‍ ട്രാക്കിങ് വിവരങ്ങള്‍ എന്നിവയടങ്ങുന്ന 59,000-ത്തിലധികം പേരുടെ ഡാറ്റ തുടര്‍നടപടികള്‍ക്കായി അമേരിക്കന്‍ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അതീവ രഹസ്യമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ടെലിഗ്രാം, സ്‌കൈപ്പ്, വാട്‌സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ആവശ്യക്കാരില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് അമേരിക്കന്‍ തപാല്‍ സംവിധാനമായ യു.എസ്.പി.എസ് ഉള്‍പ്പെടെയുള്ള കൊറിയര്‍-തപാല്‍ ശൃംഖലകള്‍ വഴി മരുന്നുകള്‍ എത്തിച്ചു നല്‍കി.
അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ വെന്‍മോ, ബാങ്ക് അക്കൗണ്ടുകള്‍, യുപിഐ, ക്രിപ്‌റ്റോകറന്‍സി, ഹവാല മാര്‍ഗങ്ങള്‍ എന്നിവയിലൂടെയാണ് പണം കൈമാറിയിരുന്നത്. കടത്തിയ മരുന്നുകളുടെ ഉറവിടം ഒന്നിലധികം രാജ്യങ്ങളിലായിരിക്കാമെന്ന സൂചനയും എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക ശൃംഖലയും പൂര്‍ണ്ണമായി കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഡിജിറ്റല്‍, തപാല്‍ സംവിധാനങ്ങള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ ഇന്ത്യയും അമേരിക്കയും സംയുക്ത നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.




