Skip to content
November 20, 2026
⌕

ചൂടൻ സമരങ്ങൾ നടക്കുന്ന ഡൽഹിയിലെ പാർലമെൻ്റിന് സമീപമുള്ള സമരഭൂമിക്ക് ജന്തർ മന്തർ എന്ന പേര് ലഭിച്ചത് ഇങ്ങനെ…

November 20, 2026
Share this post to

യന്ത്രമന്ത്രം എന്ന സംസ്കൃത വാക്കിൽ നിന്നാണ് ജന്തർ മന്തർ എന്ന വാക്കിൻ്റെ ഉത്ഭവം. ഉപകരണങ്ങളും സൂത്രവാക്യങ്ങളും എന്നാണ് ജന്തർ മന്തർ അർത്ഥമാക്കുന്നത്. യന്ത്ര എന്നാൽ ഉപകരണം, മന്ത്ര എന്നാൽ ഫോർമുല അല്ലെങ്കിൽ സൂത്രവാക്യം.

ഗ്രഹങ്ങളുടെ ഗതിവിഗതികൾ നിരീക്ഷിക്കാനും സമയം നിർണയിക്കാനും വേണ്ടി നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച വലുപ്പമുള്ള കല്ലുകൊണ്ടുള്ള ജ്യോതിശാസ്ത്ര ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന സമുച്ചയത്തെയാണ് ജന്തർ മന്തർ എന്ന് വിളിച്ച് വരുന്നത്.

jantar mantar delhi

ജന്തര്‍ മന്തര്‍ ന്യൂഡല്‍ഹി

കാലത്തിന്  അനുസരിച്ച് സംസാര ഭാഷയിൽ സംഭവിക്കുന്ന മാറ്റത്തിന്റെ ഭാഗമായി യന്ത്ര ജന്തർ എന്നും മന്ത്ര മന്തർ എന്നും അറിയപ്പെട്ടു. 

ജയ്പൂർ രാജ്യം ഭരിച്ചിരുന്ന  മഹാരാജാ സവായ് ജയ് സിംഗ് രണ്ടാമനാണ് 18 -ാം നൂറ്റാണ്ടിൽ ഡൽഹിയിൽ ജന്തർ മന്തർ എന്ന വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. 

jantar mantar jaipur

ജന്തര്‍ മന്തര്‍ ജയ്പൂര്‍

ഡൽഹിയിലെ ജന്തർ മന്തർ കൂടാതെ ജയ്പൂർ, ഉജ്ജയിൻ, മഥുര, വാരണാസി എന്നീ നാല് ഉത്തരേന്ത്യൻ  നഗരങ്ങളിൽ കുടി അദ്ദേഹം ഇവ സ്ഥാപിച്ചു. ഇതിൽ മഥുരയിലെ ജന്തർ മന്തർ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് തൊട്ടുമുമ്പായി പൂർണ്ണമായും നശിപ്പിക്കപ്പെട്ടു.

jantar mantar ujjaine

ജന്തര്‍ മന്തര്‍ ഉജ്ജയിന്‍

ജയ്പൂരിലെ ജന്തർ മന്തർ ആണ് ലോകത്തിലെ ഏറ്റവും വലിയ കല്ലുകൊണ്ടുള്ള സൂര്യ ഘടികാരം. ഇത് യുനെസ്കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്.

jantar mantar varanasi

ജന്തര്‍ മന്തര്‍ വാരണാസി

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഡൽഹിയിലെ ജന്തർ മന്തറിലുള്ള സൂര്യ ഘടികാരം ഇന്നും വളരെ കൃത്യമായി പ്രവർത്തിക്കുന്നു. 1724 – ൽ നിർമ്മിച്ച ഈ വാനനിരീക്ഷണ കേന്ദ്രത്തിലെ കൂറ്റൻ സൂര്യഘടികാരം സമ്രാട്ട് യന്ത്രം എന്നാണ് അറിയപ്പെടുന്നത്. രണ്ട് സെക്കൻഡ് വരെ കൃത്യമായി പ്രാദേശിക സമയം ഈ യന്ത്രം കാണിക്കും. 

എഴുപത് അടിയോളം ഉയരമുള്ള ഒരു കൂറ്റൻ ത്രികോണാകൃതിയിലുള്ള മതിലാണ് ഇതിന്റെ പ്രധാന ഭാഗം. ഭൂമിയുടെ അച്ചുതണ്ടിന് സമാന്തരമായി നിർമ്മിച്ചിരിക്കുന്ന ഇതിൻ്റെ ഭിത്തിയിൽ, സൂര്യപ്രകാശം തട്ടുമ്പോഴുള്ള നിഴൽ ഇരുവശത്തുമുള്ള അർദ്ധവൃത്താകൃതിയിലുള്ള സ്കെയിലുകളിലേക്ക് പതിക്കുകയും കൃത്യമായ സമയം രേഖപ്പെടുത്തുകയും ചെയ്യുന്നു.

jantar mantar new delhi

ഇന്ന്, ഡൽഹിയിലെ ജന്തർ മന്തറിന്റെ ചുറ്റും പടുകൂറ്റൻ കെട്ടിടങ്ങൾ വന്നതിനാൽ സൂര്യോദയത്തിന് ശേഷവും അസ്തമയത്തോട് അടുക്കുമ്പോഴും ഉള്ള കുറച്ചു സമയത്തേക്ക് കെട്ടിടങ്ങളുടെ നിഴൽ ഈ യന്ത്രങ്ങളിൽ പതിക്കാറുണ്ട്. ഈ സമയം ഒഴികെ പകൽ മുഴുവൻ ഇത് കൃത്യമായി പ്രവർത്തിക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇതിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

സൂര്യഘടികാരം കൂടാതെ, നക്ഷത്രങ്ങളുടെ സ്ഥാനം അളക്കുന്ന രാമയന്ത്രവും വർഷത്തിലെ ഏറ്റവും നീളം കൂടിയതും കുറഞ്ഞതുമായ ദിവസങ്ങൾ കണക്കാക്കുന്ന മിശ്ര യന്ത്രവും ഗ്രഹങ്ങളുടെ സ്ഥാനം നിർണയിക്കുന്ന ജയപ്രകാശ് യന്ത്രവും ഡൽഹിയിലെ ജന്തർ മന്തറിലുണ്ട്.

 മിശ്ര യന്ത്രം 

മറ്റ് രാജ്യങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളെ മാതൃകയാക്കാതെ, മഹാരാജാ സവായ് ജയ് സിംഗ് രണ്ടാമൻ സ്വന്തമായി നിർമ്മിച്ച ഉപകരണമാണിത്.

അഞ്ച് വ്യത്യസ്ത ഉപകരണങ്ങളാണ് ഇതിൽ ഉള്ളത്. വർഷത്തിലെ ഏറ്റവും നീളം കൂടിയ ദിവസമായ ജൂൺ 21 ഉം, ഏറ്റവും നീളം കുറഞ്ഞ ദിവസമായ ഡിസംബർ 22 ഉം  വളരെ കൃത്യമായി ഇത് നിർണ്ണയിക്കുന്നു.  

ജപ്പാനിലെ സൂറിച്ച്, ഇംഗ്ലണ്ടിലെ ഗ്രീൻവിച്ച് തുടങ്ങിയ സ്ഥലങ്ങളിലെ സമയം ഡൽഹിയിൽ ഇരുന്നുകൊണ്ട്  മനസ്സിലാക്കാൻ ഈ ഉപകരണത്തിന് കഴിയും 

രാമയന്ത്രം 

മേൽക്കൂരയില്ലാത്ത രണ്ട് വലിയ വൃത്താകൃതിയിലുള്ള കെട്ടിടങ്ങളുടെ ഒത്ത നടുവിലായി ഒരു തൂണും, ചുറ്റുമുള്ള ഭിത്തികളിലും തറയിലുമായി അളവുകൾ രേഖപ്പെടുത്തിയ കൽപ്പാളികളും അടങ്ങിയതാണ് ഈ യന്ത്രം.

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉയരവും ദിശയും  അളക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. മധ്യഭാഗത്തെ തൂണിന്റെ നിഴൽ തറയിലോ ഭിത്തിയിലോ വീഴുന്ന ഇടം നോക്കിയാണ് ഉയരവും സ്ഥാനവും നിർണയിക്കുന്നത്.

 ജയപ്രകാശ് യന്ത്രം

അർദ്ധഗോളാകൃതിയിലുള്ള രണ്ട്  കിണറുകൾ  പോലെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാൻ ഇതിന് കഴിയും. 

അർദ്ധഗോളത്തിനകത്ത് വിവിധ അക്ഷാംശ, രേഖാംശ രേഖകളും രാശിചക്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. 
ഈ ഉപകരണത്തിൻ്റെ മുകൾഭാഗത്ത് വിലങ്ങനെ ഏതാനും കമ്പികൾ കെട്ടിയിരിക്കുന്നത് കാണാം. 

ഈ  കമ്പികളുടെ നിഴൽ ഉള്ളിലെ അളവുകളിൽ വീഴുന്ന   ഇടം നോക്കിയാണ് സൂര്യന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനം അറിയുന്നത്. 

നിരീക്ഷകർക്ക്, ഇതിനകത്തേക്ക്  ഇറങ്ങി നടന്ന് അളവുകൾ രേഖപ്പെടുത്താനുള്ള വഴികൾ ഇതിലുണ്ട്.

ജന്തർ മന്തർ എങ്ങനെ സമരഭൂമിയായി  

ജന്തർ മന്തറിൽ ആണ് സമരം നടത്തുന്നത് എന്ന് പറയുമ്പോൾ ഈ  ചരിത്ര സ്മാരകത്തിന് അകത്താണോ  സമരം എന്ന് സ്വാഭാവികമായും സംശയം തോന്നാം.  

എന്നാൽ ഈ വാനനിരീക്ഷണ കേന്ദ്രത്തിന് തൊട്ടു മുന്നിലൂടെ പോകുന്ന ജന്തർ മന്തർ റോഡിലാണ്  സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നത്.  

1993 -ൽ കേന്ദ്ര സർക്കാർ ഈ സ്ഥലത്തെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രമായി പ്രഖ്യാപിച്ചതാണ് ഇതിന് പ്രധാന കാരണം. 1993 – ന് മുൻപ് ഡൽഹി കേന്ദ്രീകരിച്ച് നടന്ന  സമരങ്ങളെല്ലാം ഇന്ത്യാ ഗേറ്റിനും രാഷ്ട്രപതി ഭവനും ഇടയിലുള്ള ബോട്ട് ക്ലബ്ബിൽ ആയിരുന്നു. 

ഡൽഹിയിലെ ഗതാഗതത്തെയും വിശിഷ്ട വ്യക്തികളുടെയും ജനങ്ങളുടെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിൽ ലക്ഷക്കണക്കിന് ജനങ്ങൾ അവിടെ സമ്മേളിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ 1993-ൽ സർക്കാർ ബോട്ട് ക്ലബ്ബിലെ സമരങ്ങൾ നിരോധിച്ചു. സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമായി ജന്തർ മന്തർ റോഡ് തുറന്നും കൊടുത്തു.

jantar mantar  protest place

ഇന്ത്യൻ പാർലമെന്റും, പ്രധാനമന്ത്രിയുടെ ഓഫീസും, കേന്ദ്ര മന്ത്രാലയങ്ങളും സ്ഥിതിചെയ്യുന്നത് ജന്തർ മന്തറിന് തൊട്ടടുത്തായതിനാൽ, പ്രക്ഷോഭകാരികളുടെ ആവശ്യം ഭരണാധികാരികളിലേക്ക് പെട്ടെന്ന് തന്നെ എത്തിക്കാൻ പറ്റും. 

ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിന്  സമീപത്തും ആയതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമരത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ഇവിടേക്ക് എത്തുവാനും, ദേശീയ – അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടാനും എളുപ്പമാവുകയും ചെയ്യും. 

സുരക്ഷയുടെ ഭാഗമായി പാർലമെന്റിന് സമീപമുള്ള റോഡുകളിലും സ്ഥലങ്ങളിലും നിരോധനാജ്ഞ  നിലനിൽക്കുന്നതിനാൽ, പോലീസിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള അനുമതി നൽകാനും കഴിയും. ജന്തർ മന്തർ റോഡ് സംരക്ഷിത മേഖലയിൽ നിന്നും അകലത്തിലാണ് എന്നതാണ് അതിന് കാരണം.

-സുബാഷ് ടി ആർ

Get more updates from Pudukad News on Google