
രാജ്യത്തെ ഏറ്റവും വലിയ പൊതുസേവന കമ്മീഷനായ പിഎസ്‌സിയെ തകർക്കാൻ ലക്ഷ്യമിട്ട് വലിയ രീതിയിലുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ പൊതു നിയമനങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിഎസ്‌സി എന്ന സംവിധാനമേ ആവശ്യമില്ലെന്നാണ് കേന്ദ്രം കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഎസ്‌സിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. നമ്മുടെ യുവത്വത്തിന്റെ പ്രതീക്ഷകളെ തല്ലിത്തകർക്കാനുള്ള ഈ ഗൂഢാലോചനയ്ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. പിഎസ്‌സിയുടെ ബ്ലോക്ക് ചെയിൻ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു നിയമനങ്ങൾ കുറഞ്ഞാൽ ദുർബല വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണാുകൂല്യങ്ങൾ ഉൾപ്പെടെയുള്ള അവസരങ്ങൾ നഷ്ടമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ പേർക്ക് ജോലി നൽകുന്നതിലൂടെ സർക്കാർ സർവീസ് കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. പിഎസ്‌സി നിലനിൽക്കുന്നതിനാലാണ് സംവരണ തത്വങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ സംവിധാനം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയതോടെ പിഎസ്‌സിയുടെ വിശ്വാസ്യതയും സുതാര്യതയും വർദ്ധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
The post ‘കേന്ദ്രസർക്കാരിൻ്റേത് പൊതുനിയമനങ്ങൾ വേണ്ട എന്ന നിലപാട്’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.



