
ആഗോള ബിയർ വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെ ലോകപ്രശസ്ത ബ്രാൻഡായ ഹൈനെക്കന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് സ്ഥാനമൊഴിയുന്നു. ആറു വർഷത്തെ സേവനത്തിന് ശേഷം മെയ് മാസത്തിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലും വിൽപനയിൽ 2.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ സിഇഒയുടെ രാജി വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിലും 3 ശതമാനത്തോളം ഇടിവുണ്ടായി.
ജനങ്ങളുടെ മാറുന്ന ശീലങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് 150 വർഷത്തെ പാരമ്പര്യമുള്ള ഹൈനെക്കനെ വലയ്ക്കുന്നത്. മദ്യപാനം കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും വീര്യം കുറഞ്ഞ പാനീയങ്ങളിലേക്ക് മാറുന്നതും, അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവ് മൂലം വിപണിയിൽ വില കൂടിയതും വിൽപനയെ കാര്യമായി ബാധിച്ചു. പുതിയ തലമുറ മദ്യത്തിൽ നിന്ന് അകലം പാലിക്കുന്നത് കമ്പനിയുടെ ഭാവി നിക്ഷേപങ്ങളെ പോലും ആശങ്കയിലാക്കുന്നുണ്ടെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Also Read: ഇന്ത്യൻ വ്യാപാരത്തിന് ‘ട്രംപ് പ്രഹരം’! 75% താരിഫ് താങ്ങാനാവില്ല; ആശങ്കയറിയിച്ച് ശശി തരൂർ
മദ്യമില്ലാത്ത ബിയർ എന്ന നിലയിൽ ഹൈനെക്കൻ വിപണിയിലെത്തിച്ച ‘ഹൈനെക്കൻ 0.0’ എന്ന ബ്രാൻഡിനും വിപണിയിലെ തകർച്ച തടയാനായില്ല. ബിറ മൊറെറ്റി, ക്രൂസ്‌കാമ്പോ, ആംസ്റ്റൽ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ഉടമകളായ ഹൈനെക്കന് മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നേരിയ വളർച്ച നേടാനായെങ്കിലും യൂറോപ്പിലെ കനത്ത തിരിച്ചടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2026-ഓടെ വിൽപന ഇനിയും താഴേക്ക് പോകുമെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ വിലയിരുത്തൽ.
The post ബിയര്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍; ഹൈനെക്കന്‍ അമരക്കാരന്‍ പടിയിറങ്ങുന്നു appeared first on Express Kerala.



