
കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച പ്ലസ് ടു വിദ്യാർത്ഥിനി അയോണ (17) യാത്രയാകുന്നത് അഞ്ച് പേർക്ക് പുതുജീവൻ നൽകി. അയോണയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് മസ്തിഷ്ക മരണത്തിന് പിന്നാലെ ബന്ധുക്കൾ ദാനം ചെയ്തത്.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട് ആസ്റ്റർ മിംസ് എന്നിവിടങ്ങളിലെ രോഗികൾക്കായി വൃക്കകളും, കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിക്കായി കരളും കൈമാറി. രണ്ട് നേത്രപടലങ്ങൾ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് നൽകി. സർക്കാർ ഏജൻസിയായ കെ-സോട്ടോ വഴിയാണ് അവയവദാനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ വിദ്യാർത്ഥിനിയായ അയോണ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ അയോണയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.
പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു അയോണ. സംസ്കാരം നാളെ കണ്ണൂർ തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ നടക്കും. അമ്മ വിദേശത്തേക്ക് പോയതിലുള്ള മാനസിക വിഷമമാണ് കുട്ടിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
The post അയോണ ഇനി അഞ്ചുപേരിലൂടെ ജീവിക്കും; കണ്ണൂർ പയ്യാവൂരിലെ വിദ്യാർത്ഥിനിയുടെ അവയവങ്ങൾ ദാനം ചെയ്തു appeared first on Express Kerala.



