Skip to content
November 26, 2026
⌕

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ മാത്രമാണ് നിലവിൽ സംവിധാനമുള്ളത്

November 26, 2026
Share this post to

തിരുവനന്തപുരം: മരുന്ന് ഉപയോഗിക്കുമ്പോൾ രോഗിക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ വ്യവസ്ഥാപിതമായി നിരീക്ഷിക്കാൻ പുതിയ സംവിധാനം രൂപീകരിക്കാൻ ആരോഗ്യവകുപ്പ്. മരുന്നിന്റെ പാർശ്വഫലങ്ങൾ, മരുന്ന് നൽകുന്നതിലെ പിഴവുകൾ എന്നിവ നിരീക്ഷിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് ഏകോപന ചുമതല..

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ മാത്രമാണ് നിലവിൽ സംവിധാനമുള്ളത്. മരുന്ന് കഴിച്ചതിനുശേഷമുണ്ടാകുന്ന പ്രശ്നങ്ങളും നിരീക്ഷിക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളജുകൾ, ജില്ല ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവ ഉൾപ്പെടുത്തിയാവും രോഗികളെ നിരീക്ഷിക്കുക.

ആന്റിമൈക്രോബിയൽ മരുന്നുകൾ,ആന്റികൊയാഗുലന്റുകൾ, ആന്റിഎപിലെപ്റ്റിക്, ആന്റിഡയബറ്റിക്, ആന്റിഹൈപ്പർടെൻസിവ്, ആന്റികാൻസർ, കുട്ടികളുടെ മരുന്നുകൾ എന്നിവയാണ് ശ്രദ്ധ വേണ്ട മരുന്നുകൾ.

 രോഗികൾക്കും പരിചാരകർക്കും മരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് നൽകാൻ സൗകര്യമൊരുക്കും. ഓൺലൈൻ, മൊബൈൽ ഫോൺ, ഹെൽപ്‌ലൈൻ മുഖേനയാകും സൗകര്യമൊരുക്കുക. അപകടസാധ്യത കൂടിയ മരുന്നുകൾ ഉപയോഗിക്കുന്നവരെ ദുർബലരായ രോഗി വിഭാഗങ്ങളിൽ ഉൾപ്പെടുത്തും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ മരുന്ന് നീരീക്ഷണകേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മിഷന്റെ കീഴിൽ 1050 കേന്ദ്രങ്ങളാണ് ആരംഭിച്ചത്.

ഈ കേന്ദ്രങ്ങളെ സംസ്ഥാനത്തെ ആശുപത്രികളുമായി ബന്ധിപ്പിക്കും. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മരുന്നുപയോഗത്തിലെ പിഴവുകൾ കുറയ്ക്കാനും ഈ പുതിയ നിരീക്ഷണ സംവിധാനം സഹായിക്കും.

Get more updates from Pudukad News on Google