കോവളം സ്പാ പീഡനക്കേസ്; 14-ാം പ്രതിയും പിടിയിൽ. കൂടുതൽ പേർ പീഡിപ്പിച്ചതായി കണ്ടെത്തൽ. അറസ്റ്റുകൾ ഇനിയും ഉണ്ടായേക്കും

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ 14-ാം പ്രതിയായ തമിഴ്നാട് വല്ലിയൂർ സ്വദേശി വീരപാണ്ഡിയനെയാണ് പൊലീസ് പിടികൂടിയത്. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
സ്പായിൽ പലതവണ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് വീരപാണ്ഡിയനെതിരായ കണ്ടെത്തൽ. സ്പായിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആദ്യം സ്പാ നടത്തിപ്പുകാരെയും പിന്നീട് ഇടനിലക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി കൂടുതൽ പേരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പൊലീസ് സൂചന നൽകുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്പാകളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി അതിക്രമത്തിന് ഇരയായെന്നാണ് കണ്ടെത്തൽ. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പീഡനം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പീഡനം സഹിക്കാനാകാതെ വന്നതോടെ കോവളത്ത് വെച്ച് പരിചയപ്പെട്ട യുവാവിനോട് പെൺകുട്ടി ദുരനുഭവങ്ങൾ തുറന്നുപറയുകയും ഇയാൾക്കൊപ്പം പോകുകയുമായിരുന്നു. തുടർന്ന് മാതൃസഹോദരി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നത്.
പെൺകുട്ടിയുടെ കൈവശം 16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയിൽ പെൺകുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചതോടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് ദീർഘകാലമായി നേരിട്ട പീഡനവിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്.




