
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പതിനൊന്നാം പ്രതിയും മുൻ ദേവസ്വം ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിനെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ഉത്തരവിട്ടത്. നിലവിൽ ചികിത്സയിൽ കഴിയുന്നതിനാൽ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റാതെ ആശുപത്രിയിൽ തന്നെ തുടരാൻ അനുവദിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐസിയുവിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ മുറിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കാലഘട്ടത്തിലാണ് ശങ്കരദാസ് ബോർഡ് അംഗമായിരുന്നത്. കേസിൽ പ്രതി ചേർത്തത് മുതൽ ശങ്കരദാസ് ആശുപത്രിയിൽ ചികിത്സ തേടിയതിനെ ഹൈക്കോടതി നേരത്തെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.
Also Read: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യ; മരത്തിൽ നിന്ന് ചാടിയ അജ്ഞാതൻ മരിച്ചു
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പിതാവായ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ ‘അസംബന്ധങ്ങളാണ് നടക്കുന്നത്’ എന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഹൈക്കോടതിയുടെ ഇത്തരം നിരീക്ഷണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കരദാസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെടുകയായിരുന്നു. നിലവിൽ കടുത്ത കോടതി വിമർശനങ്ങൾക്കും നിയമനടപടികൾക്കും ഇടയിലാണ് മുൻ ബോർഡ് അംഗത്തിന്റെ അറസ്റ്റും റിമാൻഡും രേഖപ്പെടുത്തിയിരിക്കുന്നത്.
The post ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.പി. ശങ്കരദാസ് റിമാൻഡിൽ appeared first on Express Kerala.



