
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. മാസും ആക്ഷനും നിറഞ്ഞ ടീസറിൽ ചില അശ്ലീല പദങ്ങൾ ഉൾപ്പെട്ടതിനെച്ചൊല്ലി വിമർശനങ്ങളും ട്രോളുകളും ഒരുവശത്ത് ഉയരുന്നുണ്ടെങ്കിലും, പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായിക. ഐഎംഡിബി (IMDb) പുറത്തുവിട്ട ഈ ആഴ്ചയിലെ ഏറ്റവും ജനപ്രീതിയേറിയ സിനിമാ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ഗീതു മോഹൻദാസാണ്.
പ്രഭാസ്, നയൻതാര, യഷ് തുടങ്ങിയ വമ്പൻ താരങ്ങളെ പിന്നിലാക്കിയാണ് ഗീതു ഈ അപൂർവ നേട്ടം കൈവരിച്ചത്. പട്ടികയിൽ പ്രഭാസ് നാലാം സ്ഥാനത്തും നയൻതാര 22-ാം സ്ഥാനത്തുമാണ്. ‘ടോക്സിക്’ നായകൻ യഷ് പത്താം സ്ഥാനത്തുണ്ട്. രാജാസാബ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അതിന്റെ സംവിധായകൻ മാരുതി എട്ടാം സ്ഥാനത്തെത്തി. കൂടാതെ നിധി അഗർവാൾ, മാളവിക മോഹനൻ, സുധ കൊങ്കര തുടങ്ങിയവരും ഐഎംഡിബി ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ടീസറിലെ ഉള്ളടക്കത്തെ ചൊല്ലി ഗീതുവിന്റെ മുൻകാല നിലപാടുകളെ പരിഹസിച്ചുകൊണ്ട് വലിയ തോതിൽ വിമർശനങ്ങൾ നടക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ഈ ചിത്രം എത്രത്തോളം ചർച്ച ചെയ്യപ്പെടുന്നു എന്നതിന്റെ തെളിവാണ് ഐഎംഡിബിയിലെ ഈ ഒന്നാം റാങ്ക്. ലോകമെമ്പാടുമുള്ള ഏകദേശം 200 മില്യൺ പ്രേക്ഷകരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
The post വിമർശനങ്ങൾക്കിടയിലും കുതിപ്പ്; പ്രഭാസിനെയും യഷിനെയും പിന്തള്ളി ഗീതു മോഹൻദാസ്! ഐഎംഡിബി പട്ടികയിൽ ഒന്നാമത് appeared first on Express Kerala.



