
പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി കോളനിയിൽ അയൽവാസിയുടെ ക്രൂരമായ ആക്രമണത്തിൽ കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാഹുലിനെ മംഗലംഡാം പോലീസ് ഇന്ന് പുലർച്ചെ പിടികൂടി.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ രാജാമണിയുടെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധത്തെ രാജാമണി എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ രാഹുൽ കൊടുവാൾ ഉപയോഗിച്ച് രാജാമണിയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം പ്രതിയായ രാഹുൽ സമീപത്തെ കാട്ടിലേക്ക് ഓടിമറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാജാമണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
The post പാലക്കാട് അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു appeared first on Express Kerala.



