തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുട്ടത്തറ സ്വദേശി അബുതാഹിർ (30), കൊഞ്ചിറ സ്വദേശി മിഥുൻ (31) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് മുല്ലശേരി പൊയ്പ്പാറ ഭാഗത്ത് വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ 1.1 കിലോ കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്. നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതികളിൽ ഒരാളായ അബുതാഹിർ നേരത്തെയും നിരവധി മയക്കുമരുന്ന്- ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രദേശത്തെ ലഹരി വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ നടപടി.
The post ഓട്ടോയിൽ കറങ്ങിനടന്നുള്ള കഞ്ചാവ് വിൽപ്പന! രണ്ടുപേർ പിടിയിൽ; പിടിച്ചെടുത്തത് ഒരുകിലോയിലധികം കഞ്ചാവ് appeared first on Express Kerala.



