
വയനാട് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് അംഗവുമായ എ.വി. ജയൻ പാർട്ടി വിട്ടു. പാർട്ടിക്കുള്ളിലെ ചില നേതാക്കൾ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുകയാണെന്നും ഭീഷണിയുടെ സ്വരത്തിലാണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 35 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള താൻ വേട്ടയാടപ്പെടുകയാണെന്നും ഇനി പാർട്ടിയിൽ തുടർന്നുപോകാൻ കഴിയില്ലെന്നും ജയൻ കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എ.വി. ജയന്റെ നേതൃത്വത്തിലാണ് സിപിഎം പൂതാടിയിൽ ഭരണം പിടിച്ചെടുത്തത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജയന് നൽകാതെ പാർട്ടി നേതൃത്വം മറ്റൊരാൾക്ക് നൽകിയതാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് പ്രധാന കാരണം. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്ന് ജയൻ വ്യക്തമാക്കി. പൂതാടിയിലെ പാർട്ടിയുടെ പ്രമുഖ മുഖം തന്നെ പുറത്തുപോയത് വയനാട് സിപിഎമ്മിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളുമായി സഹകരിച്ച് ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് എ.വി. ജയൻ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതല്ല തന്റെ പരാതിയെന്നും, മറിച്ച് കഴിഞ്ഞ ഒന്നര വർഷമായി പാർട്ടിയിൽ നേരിടുന്ന നിരന്തരമായ അവഗണനയും വേട്ടയാടലുമാണ് രാജിക്കിപിന്നിലെന്നും അദ്ദേഹം പറഞ്ഞു. അവഗണിക്കുന്ന ഇടത്ത് തുടരേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും, എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത പഞ്ചായത്ത് അംഗം എന്ന നിലയിലുള്ള ഉത്തരവാദിത്തം തുടർന്നും നിറവേറ്റാനാണ് ആഗ്രഹിക്കുന്നതെന്നും ജയൻ കൂട്ടിച്ചേർത്തു.
The post വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു appeared first on Express Kerala.



