
യുവതാരങ്ങളെ അണിനിരത്തി അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യു.ഡബ്ല്യു.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമയിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ട്രെയ്‌ലറിന്റെ അവസാന ഷോട്ടിൽ പുറംതിരിഞ്ഞു നിൽക്കുന്ന മർമ്മപ്രധാനമായ കഥാപാത്രം മമ്മൂട്ടിയാണോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
ചിത്രത്തിൽ മമ്മൂട്ടി റസ്‌ലിങ് കോച്ചായി എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലറിലെ നിഗൂഢമായ ആ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന ‘വാൾട്ടർ’ ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കഥാപാത്രത്തിന്റെ കൈയ്യിലുള്ള ബ്രേസ്‌ലെറ്റും മമ്മൂട്ടിയുടെ സമാനമായ ചിത്രങ്ങളും ചേർത്തുവെച്ചാണ് ആരാധകർ ഈ നിഗമനം നടത്തുന്നത്. എന്നാൽ ഈ വേഷത്തിൽ ദുൽഖർ സൽമാൻ എത്താനുള്ള സാധ്യതയും ചിലർ തള്ളിക്കളയുന്നില്ല. ജനുവരി 22-ന് ചിത്രം തീയേറ്ററുകളിൽ എത്തുന്നതോടെ മാത്രമേ ഈ സസ്പെൻസിന് വിരാമമാകൂ.
Also Read: രജനിക്കൊപ്പം വിജയ് സേതുപതിയും ഷാരൂഖ് ഖാനും? ‘ജയിലർ 2’ അപ്‌ഡേറ്റുകൾ പുറത്ത്
ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് റെസ്ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് സംഗീത കൂട്ടുകെട്ടായ ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ‘ചത്താ പച്ച’, ആക്ഷനും കോമഡിയും ഡ്രാമയും നിറഞ്ഞ പുത്തൻ ദൃശ്യാനുഭവം മലയാളികൾക്ക് സമ്മാനിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
The post ‘ചത്താ പച്ച’ ട്രെയ്‌ലറിൽ മിന്നിമറഞ്ഞത് മമ്മൂട്ടിയോ? സോഷ്യൽ മീഡിയയിൽ ‘വാൾട്ടർ’ ചർച്ചകൾ സജീവം! appeared first on Express Kerala.



