
യുഎഇയിൽ നെസ്‌ലെ കമ്പനിയുടെ ശിശുക്കൾക്കുള്ള പാൽ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്ന നടപടി അധികൃതർ കൂടുതൽ വിപുലീകരിച്ചു. ഉൽപന്നങ്ങളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയേക്കാം എന്ന ആശങ്കയെത്തുടർന്ന് നേരത്തെ പുറത്തിറക്കിയ പട്ടികയിലേക്ക് ഒരു ഉൽപന്നം കൂടി ഉൾപ്പെടുത്തിയതായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം കുട്ടികൾക്ക് നൽകുന്ന ‘എസ്-26 എആർ’ എന്ന ഉൽപന്നമാണ് പുതുതായി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉൽപന്നം നിർമ്മിക്കാൻ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ ‘ബാസിലസ് സെറിയസ്’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികൃതരെ ഇത്തരമൊരു മുൻകരുതൽ നടപടിക്ക് പ്രേരിപ്പിച്ചത്.
Also Read: സൗദി സുരക്ഷാ സേനയിൽ വനിതാ കരുത്ത്; ജവാസാത് പോലീസിൽ 362 വനിതകൾ കൂടി ചുമതലയേറ്റു
ഈ ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന വിഷാംശം കുട്ടികളിൽ ഛർദ്ദി, വയറുവേദന, ഓക്കാനം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമായേക്കാം. യുഎഇയിൽ നിലവിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തി 5185080661, 5271080661, 5125080661 എന്നീ ബാച്ച് നമ്പറുകളിലുള്ള ടിന്നുകൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ബാച്ചുകൾ കൈവശമുള്ളവർ അവ ഉടൻ തന്നെ മാറ്റിവയ്ക്കണമെന്നും കുട്ടികൾക്ക് നൽകരുതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
The post കുട്ടികൾക്ക് ഇത് കൊടുക്കുന്നവർ സൂക്ഷിക്കുക! യുഎഇയിൽ നെസ്‌ലെ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നു appeared first on Express Kerala.



