ഗുരുവായൂർ : കണ്ണന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ സമർപ്പിച്ചു. ശ്രീ ഗുരുവായൂരപ്പ ഭക്തരായ ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും പത്നിയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾ സമർപ്പിച്ചത്.
ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത് മുത്തുകൾ അലുക്കുകൾ പോലെ ചേർത്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിൻ്റെ സ്വർണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിൻ്റെ മറ്റൊരു മാലയുമാണ് സമർപ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വഴിപാടുകാരിൽ നിന്നും മാലകൾ ഏറ്റുവാങ്ങി രശീത് നൽകി.
തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ അദ്ദേഹം ശിവകുമാറിനും പത്നിക്കും നൽകി.നേരത്തെ വജ്ര കിരീടവും സ്വർണ്ണമാലകളും ശിവകുമാർ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചിട്ടുണ്ട്.


