ചാലക്കുടി: ചാലക്കുടിയിൽ വീണ്ടും തെരുവുനായ ആക്രമണം. വെള്ളിയാഴ്‌ച ഒരു വിദ്യാർഥിക്കും ഹരിതകർമസേന അംഗത്തിനുമുൾപ്പെടെ നാല് പേർക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ എണ്ണം 20 ആയി. ഹരിതകർമ സേനാംഗം പടിഞ്ഞാറേ ചാലക്കുടി മാട്ടാലയ്ക്കൽ വീട്ടിൽ സരസ്വതി (47), മേട്ടിപ്പാടം കോടശേരി വീട്ടിൽ അജിത്ത് (49), മാള പുലിക്കര വീട്ടിൽ സജീവൻ (54), ചാലക്കുടി ഹൗസിങ് ബോർഡ് കോളനിയിലെ സെയിൻ മാത്യു (13) എന്നിവരെയാണ് വെള്ളിയാഴ്‌ച നായ കടിച്ചത്. സരസ്വതിക്ക് മാലിന്യം ശേഖരിക്കുന്നതിനിടെ സൗത്ത് ജങ്ഷനിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് കടിയേറ്റത്. മറ്റ് മൂന്ന് പേർക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് ഒരേ നായ തന്നെ കടിച്ചത്. ഈ നായ ദിവസങ്ങൾക്ക് മുമ്പ് നിരവധി പേരെ കടിച്ചിട്ടുണ്ട്. കടിയേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.


