പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ജനുവരി 16, 17, 18 തിയ്യതികളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വിശുദ്ധ അന്തോണീസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.
തിരുനാൾദിനമായ ജനുവരി 18 ഞായറാഴ്ച്ച രാവിലെ 6 നും 8:30 നും വിശുദ്ധ കുർബാന ഉണ്ടായിരുന്നു. രാവിലെ 10:30 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് മരത്താക്കര വികാരി വെരി. റവ. ഫാ. ജോബ് വടക്കൻ മുഖ്യ കാർമികനായി. പഴുവിൽ ഫോറോന അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികനായി. തൃശൂർ ഫാമിലി അപ്പസ്തോലേറ്റ് സെന്റർ യൂത്ത് മിനിസ്ട്രി ഡയറക്ടർ റവ. ഫാ. അലക്സ് മരോട്ടിക്കൽ തിരുനാൾ സന്ദേശം നൽകി.
വൈകീട്ട് 4 മണിയുടെ വിശുദ്ധ കുർബാനക്കു ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രദക്ഷിണത്തിന് ശേഷം വർണ്ണമഴ ഉണ്ടായിരുന്നു.
പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, തിരുനാൾ ജനറൽ കൺവീനർ ബാബു ജോർജ്ജ് വടക്കൻ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനുവരി 9ന് നവനാൾ തിരുകർമ്മങ്ങൾ ആരംഭിച്ചു. ജനുവരി 11 ന് തിരുനാളിന് കൊടികയറി. ദീപാലങ്കരം സ്വിച്ച് ഓൺ കർമ്മം ജനുവരി 16നും, പ്രസുദേന്തിവാഴ്ച്ച, കൂട് തുറക്കൽ ശുശ്രൂഷകൾ ജനുവരി 17 നും നടന്നു. കുടുംബകൂട്ടായ്മകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പുകൾ ജനുവരി 16, 17 തിയ്യതികളിൽ രാത്രിയോടെ പള്ളിയങ്കണത്തിൽ സമാപിച്ചു. എട്ടാമിടം ജനുവരി 25 ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നത്.


