ഇരിങ്ങാലക്കുട: തൃശ്ശൂർ റൂറൽ പോലീസ് ഒരുവർഷമായി നടത്തിവന്ന ഓപ്പറേഷൻ തണ്ടറിൽ വിവിധ കേസുകളിലായി 1992 മുതൽ 2025 വരെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്ന 332 പേർ കുടുങ്ങി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് കൊലപാതകം, കവർച്ച, പോക്സോ, ലൈംഗികപീഡനം, വധശ്രമം, സ്ത്രീകളോടുള്ള ക്രൂരത, സാമ്പത്തികത്തട്ടിപ്പ്, മയക്കുമരുന്ന്, മോഷണം, ആയുധനിയമപ്രകാരമുള്ള കേസുകൾ, അടിപിടി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതികളെയാണ് പിടികൂടിയത്.
കോടതിനടപടികളിൽനിന്നും വിചാരണയിൽനിന്നും വിട്ടുനിന്ന് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി കോടതികൾ വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരമാണ് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 332 പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റുചെയ്തത്.
ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക നടപടിയുടെ ഭാഗമായി രൂപവത്കരിച്ച അന്വേഷണസംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ഊർജിത അന്വേഷണങ്ങൾക്കൊടുവിലാണ് ഇത്രയും പ്രതികളെ പിടികൂടിയത്.
ആളൂർ (12), അന്തിക്കാട് (4), അതിരപ്പിള്ളി (2), ചാലക്കുടി (13), ചേർപ്പ് (8), സൈബർ ക്രൈം പിഎസ് (2), ഇരിങ്ങാലക്കുട (21), കയ്പമംഗലം (9), കാട്ടൂർ (36), കൊടകര (13), കൊടുങ്ങല്ലൂർ (29), കൊരട്ടി (11), മാള (26), മലക്കപ്പാറ (2), മതിലകം (28), പുതുക്കാട് (25), വാടാനപ്പള്ളി (6), വലപ്പാട് (39), വരന്തരപ്പിള്ളി (40), വെള്ളിക്കുളങ്ങര (6) എന്നിങ്ങനെയാണ് പിടിയിലായവരുടെ കണക്ക്.


