loader image
മോദിയുടെ വേദിയിലും മാറ്റമില്ലാതെ ശ്രീലേഖ; മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കി കൗൺസിലർ

മോദിയുടെ വേദിയിലും മാറ്റമില്ലാതെ ശ്രീലേഖ; മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കി കൗൺസിലർ

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ചടങ്ങിലുടനീളം പ്രധാനമന്ത്രിയുമായി അകലം പാലിച്ച അവർ, പ്രധാനമന്ത്രിയെ യാത്രയാക്കുന്ന സമയത്തും മറ്റ് നേതാക്കൾക്കൊപ്പം ചേരാതെ മാറിനിന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതെന്നും എന്നാൽ പിന്നീട് തന്നെ തഴഞ്ഞുവെന്നും ശ്രീലേഖ നേരത്തെ ആരോപിച്ചിരുന്നു. ഈ അതൃപ്തിയാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലും പ്രകടമായത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ശ്രീലേഖയ്ക്ക് വേദിയിൽ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലായിരുന്നു ഇരിപ്പിടം. എന്നാൽ അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ അവർ തയ്യാറായില്ല. പ്രധാനമന്ത്രി മേയർ വി.വി. രാജേഷിനെ ആലിംഗനം ചെയ്തപ്പോഴും ആവേശത്തോടെ പ്രസംഗിച്ചപ്പോഴും മറ്റ് നേതാക്കളും പ്രവർത്തകരും ആഹ്ലാദിച്ചെങ്കിലും ശ്രീലേഖ നിസ്സംഗയായി തുടർന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ബിജെപി നടത്തിയ ഈ സമ്മേളനത്തിലും ശ്രീലേഖയുടെ പെരുമാറ്റം പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

Also Read: മേയർക്ക് ‘സ്റ്റാറ്റസ്’ പോരേ? പ്രധാനമന്ത്രിയുടെ ചടങ്ങിൽ നിന്ന് വി.വി രാജേഷിനെ മാറ്റിയതിൽ മന്ത്രിയുടെ പരിഹാസം

See also  വിജയ് വീണ്ടും രാഷ്ട്രീയക്കളത്തിലേക്ക്; ടിവികെ ഭാരവാഹി യോഗം ഇന്ന് മഹാബലിപുരത്ത്

മേയർ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകുന്നതിന് മുൻപേ ശ്രീലേഖ വേദി വിട്ടത് നേരത്തെ വലിയ ചർച്ചയായിരുന്നു. കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചപ്പോൾ മേയർ സ്ഥാനത്തിനായി പാർട്ടിയിൽ രണ്ട് തട്ടിലായിരുന്നു നേതാക്കൾ. ഒരു വിഭാഗം ശ്രീലേഖയെ പിന്തുണച്ചപ്പോൾ, ആർഎസ്എസും മുതിർന്ന നേതാക്കളും രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മുൻനിർത്തി വി.വി. രാജേഷിനായി നിലകൊണ്ടു. ഇതോടെയാണ് ശ്രീലേഖയ്ക്ക് അവസരം നഷ്ടമായത്.

2024 ഒക്ടോബറിൽ ബിജെപിയിൽ ചേർന്ന ശ്രീലേഖയെ രാജീവ് ചന്ദ്രശേഖർ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. രാഷ്ട്രീയരംഗത്ത് കൂടുതൽ പ്രവർത്തനപാരമ്പര്യമുള്ളയാൾ മേയറാകണമെന്ന ആർഎസ്എസിന്റെ കടുത്ത നിലപാടാണ് ശ്രീലേഖയ്ക്ക് തിരിച്ചടിയായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

The post മോദിയുടെ വേദിയിലും മാറ്റമില്ലാതെ ശ്രീലേഖ; മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കി കൗൺസിലർ appeared first on Express Kerala.

Spread the love

New Report

Close