
ഓൺലൈൻ വഴി ഗാർഹിക തൊഴിൽ മേഖലയിൽ നടക്കുന്ന വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. അനധികൃത സ്ഥാപനത്തിലൂടെ വീട്ടുജോലിക്കാരിയുടെ സേവനം തേടിയ വീട്ടമ്മയ്ക്ക് 10,000 ദിർഹം നഷ്ടമായ സംഭവത്തെ തുടർന്നാണ് ഈ നടപടി. സോഷ്യൽ മീഡിയ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇത്തരം സംഘങ്ങൾ ഇരകളെ കണ്ടെത്തുന്നത്. കുടുംബങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തി വിശ്വാസം നേടിയെടുക്കുകയും, തുടക്കത്തിൽ ചെറിയ തുകകൾ വാങ്ങി പിന്നീട് വൻതുക തട്ടിയെടുത്ത ശേഷം മുങ്ങുന്നതുമാണ് ഇവരുടെ പതിവ് രീതിയെന്ന് ക്രിമിനൽ പ്രിവൻഷൻ ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ അബ്ദുല്ല ഖൽഫാൻ അൽ മൻസൂരി വിശദീകരിച്ചു.
ഗാർഹിക ജോലിക്കാരെ ആവശ്യമായവർ സർക്കാർ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളുമായി മാത്രം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. ലൈസൻസും ഔദ്യോഗിക വിവരങ്ങളും ഉറപ്പുവരുത്താതെ അപരിചിതർക്ക് പണം കൈമാറരുത്. സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യങ്ങളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, പോലീസിന്റെ എഐ ആപ്പ് മുഖേനയോ വിവരം അറിയിക്കാവുന്നതാണ്. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
The post സോഷ്യൽ മീഡിയയിലെ റിക്രൂട്ട്മെന്റ് പരസ്യങ്ങൾ സൂക്ഷിക്കുക; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി ദുബായ് പോലീസ് appeared first on Express Kerala.



