loader image
മത നിരപേക്ഷതയാണ് ഇന്ത്യയുടെ സൗന്ദര്യം: മന്ത്രി കെ. രാജൻ

മത നിരപേക്ഷതയാണ് ഇന്ത്യയുടെ സൗന്ദര്യം: മന്ത്രി കെ. രാജൻ

ജില്ലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മതത്തിനും ജാതിക്കും വർഗ്ഗീയ നിലപാടുകൾക്കും അതീതമായ മതനിരപേക്ഷ മനസ്സാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ 77 -മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയുടെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്ന ശ്രമങ്ങൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്നുണ്ടെന്നും, മനുഷ്യരെ തമ്മിലകറ്റുന്ന ഭിന്നിപ്പുകളെ മതനിരപേക്ഷ മനസ്സുകളുടെ ഒന്നിപ്പിൻ്റെ ശക്തികൊണ്ട് ചെറുക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. കേരളീയർ എന്ന നിലയിൽ നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും, കഴിഞ്ഞ ഒരു ദശകത്തിനിടെ കേരളത്തിൽ ഏതെങ്കിലും പ്രദേശത്ത് ഒരു വർഗ്ഗീയ ലഹള പോലും ഉണ്ടായിട്ടില്ല. ഉണ്ടാകാന്‍ നാം അനുവദിച്ചിട്ടില്ല. അതാണ് നമ്മുടെ മതനിരപേക്ഷ നിലപാട്.

ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യത്തെയും അവസാനത്തെയും പരിഗണന പൗരസമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന മനുഷ്യരുടെ ഉന്നമനമാണ്. ഭരണഘടനയെ മുറുകെപ്പിടിച്ചുകൊണ്ട് പ്രതിസന്ധികളെ തരണംചെയ്ത് മുന്നോട്ട് പോകണം. നമുക്ക് സ്വാതന്ത്ര്യവും പരമാധികാരവും നേടിത്തന്ന മഹാത്മാക്കളുടെ പാത പിന്തുടര്‍ന്ന് സത്യത്തിനും നീതിക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്ന ഘടകങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും അവയുടെ ചൈതന്യം ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കുന്നതിനുമുള്ള സവിശേഷമായ സന്ദര്‍ഭമാണിത്. ആ ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സ്വാതന്ത്ര്യം, പരമാധികാരം, എല്ലാവര്‍ക്കും നീതി, സ്ഥിതിസമത്വം, ജനാധിപത്യം തുടങ്ങിയവ. പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന ഈ മഹത്തായ മൂല്യങ്ങളെ പൗരസമൂഹത്തിനാകെ ലഭ്യമാക്കുക എന്നതാണ് ഭരണകൂടത്തിന്റെ പരമപ്രധാന ചുമതലയെന്നും മന്ത്രി പറഞ്ഞു.

See also  NEWS 24 01 2026 | Media 4 News

രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ചു.പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഉൾപ്പെടെ 25 പ്ലറ്റൂണുകളും 3 ബാൻഡ് പ്ലറ്റൂണുകളും പരേഡിൽ അണിനിരന്നു.മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു.തൃശ്ശൂർ സേക്രട്ട് ഹാർട്ട് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ പരേഡ്നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ പി.വി ശിവശങ്കരനായിരുന്നു സെക്കൻ്റ് ഇൻ കമാന്റ്.

മേയർ ഡോ.നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ടി. കെ സുധീഷ്, സിറ്റി ജില്ലാ പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close