സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധേയമായ അന്വേഷണ നേട്ടങ്ങൾക്ക് അംഗീകാരം: സമർപ്പിത സേവനത്തിന്റെ ദേശീയ അംഗീകാരം.
ഗുരുവായൂർ: ഗുരുവായൂരിലെ ജനങ്ങളുടെ വിശ്വാസവും സ്നേഹവും ഒരുപോലെ നേടിയ ജനകീയ പൊലീസ് ഉദ്യോഗസ്ഥൻ, ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ സി. പ്രേമാനന്ദകൃഷ്ണന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ദീർഘകാലം നീണ്ട ഔദ്യോഗിക ജീവിതത്തിലെ അച്ചടക്കവും അന്വേഷണ മികവും മാനുഷിക സമീപനവും അംഗീകരിച്ചുകൊണ്ടാണ് രാജ്യത്തെ പരമോന്നത സേവാ അംഗീകാരങ്ങളിലൊന്നായ ഈ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്.
2004 സെപ്റ്റംബറിൽ ഗുരുവായൂരിൽ തന്നെയാണ് സി. പ്രേമാനന്ദകൃഷ്ണൻ തന്റെ ഔദ്യോഗിക ജീവിതം സബ് ഇൻസ്പെക്ടറായി ആരംഭിച്ചത്. തുടർന്ന് 2014 ജനുവരിയിൽ ഗുരുവായൂരിൽ തന്നെ സർകിൾ ഇൻസ്പെക്ടറായി ചുമതലയേറ്റു. ഇന്ന് ഗുരുവായൂരിലെ ഏറ്റവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരിക്കെ, തന്റെ സേവനമികവിന്റെ കിരീടമായി രാഷ്ട്രപതിയുടെ മെഡൽ ലഭിക്കുന്നത് അപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
അന്വേഷണ മികവിൽ തീർത്ത ചരിത്രം
നിരവധി സങ്കീർണ കേസുകളിൽ അതിവേഗവും കൃത്യവുമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തിയ റെക്കോഡ് സി. പ്രേമാനന്ദകൃഷ്ണനുണ്ട്. ഗുരുവായൂർ തമ്പുരാൻപടിയിൽ പ്രവാസി സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്നും രണ്ടര കിലോ സ്വർണം മോഷ്ടിച്ച കേസിൽ, തെളിവുകൾ ഒന്നും അവശേഷിക്കാതിരുന്ന സാഹചര്യത്തിലും വിദഗ്ധമായ അന്വേഷണത്തിലൂടെ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കണ്ടെത്തിയത് വലിയ ശ്രദ്ധ നേടി. സംസ്ഥാനത്തിന് പുറത്തേക്കു വരെ വ്യാപിച്ച അന്വേഷണത്തിലൂടെയായിരുന്നു പ്രതികളെ പിടികൂടിയത്.
അതുപോലെ, കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ സി.ഐ ആയി സേവനമനുഷ്ഠിക്കുമ്പോൾ, പ്രശസ്ത സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്നും 250 പവൻ സ്വർണം മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത് കേരള പൊലീസ് ചരിത്രത്തിലെ ശ്രദ്ധേയമായ അന്വേഷണ നേട്ടങ്ങളിലൊന്നായി മാറി. ഇത്തരത്തിൽ അനവധി കേസുകൾ അന്വേഷണ മികവിലൂടെ തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ജനങ്ങളോടൊപ്പം നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ജോലി ചെയ്യുന്ന എല്ലാ പ്രദേശങ്ങളിലും ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ കേൾക്കാനും, നിർദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കാനും അദ്ദേഹം കാണിക്കുന്ന സന്നദ്ധതയാണ് സി. പ്രേമാനന്ദകൃഷ്ണനെ ജനകീയ പൊലീസ് ഉദ്യോഗസ്ഥനാക്കി മാറ്റിയത്. നിയമം കർശനമായി പാലിപ്പിക്കുമ്പോഴും മനുഷ്യബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
അധ്യാപകവൃത്തി മുതൽ പൊലീസ് സേവനം വരെ
ഒറ്റപ്പാലം കരിമ്പുഴ കോട്ടപ്പുറം ചോർപ്പത്ത് വീട്ടിൽ കർഷകരായ കൃഷ്ണൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ച സി. പ്രേമാനന്ദകൃഷ്ണൻ, കരിമ്പുഴ ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. എക്കണോമിക്സിൽ കേരള യൂണിവേഴ്സിറ്റിയിലും മധുര കാമരാജ് യൂണിവേഴ്സിറ്റിയിലും നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
മണ്ണാർക്കാട് ദർശന പാരലൽ കോളേജിലും മണ്ണാർക്കാട് കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, മലമ്പുഴ ട്രൈബൽ സ്കൂളിൽ അധ്യാപകനായിരിക്കെയാണ് പൊലീസ് ടെസ്റ്റ് എഴുതി 2004-ൽ എസ്.ഐ ആയി ചുമതലയേറ്റത്. അധ്യാപകവൃത്തിയിൽ നിന്നും നിയമസംരക്ഷണ രംഗത്തേക്ക് നടത്തിയ ഈ മാറ്റം സമൂഹത്തിന് നൽകിയ സേവനത്തിന്റെ പുതിയ അധ്യായമായിരുന്നു.
ഭാര്യ ഷിനി കോട്ടപ്പുറം ദർശന ഇംഗ്ലീഷ് സ്കൂളിലെ അധ്യാപികയാണ്. മൂത്ത മകൾ സ്വാധീ കൃഷ്ണ പൂനയിലെ എ.എഫ്.എം.സി മിലിട്ടറി ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായി പരിശീലനം നടത്തുന്നു.രണ്ടാമത്തെ മകൾ കീർത്തി കൃഷ്ണ മണ്ണാർക്കാട് എം.ഇ.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
രാജ്യത്തിനും സമൂഹത്തിനും സമർപ്പിച്ച സമർപ്പിത സേവനത്തിന്റെ അംഗീകാരമായി ലഭിച്ച ഈ വിശിഷ്ട സേവാ മെഡൽ, ഗുരുവായൂരിന്റെ അഭിമാനമായി സി. പ്രേമാനന്ദകൃഷ്ണന്റെ പേരിനെ വീണ്ടും ഉയർത്തിക്കാട്ടുകയാണ്.
പ്രേം.ജി.മേനോൻ( മാനേജിംഗ് എഡിറ്റർ )
<p>The post അന്വേഷണ മികവിന് രാജ്യത്തിന്റെ സല്യൂട്ട്; ജനകീയ പൊലീസ് ഓഫീസർ ഗുരുവായൂർ എ.സി.പി. സി. പ്രേമാനന്ദകൃഷ്ണന് രാഷ്ട്രപതിയുടെ ബഹുമതി first appeared on guruvayoorOnline.com | Guruvayur Temple.</p>


