തൃശൂർ:കായിക ആവേശവും ആരോഗ്യകരമായ ജീവിതശൈലിയും സമന്വയിപ്പിച്ച് സാംസ്കാരിക നഗരിയിൽ ഞായർ പുലർച്ചെ മുതൽ തലങ്ങും വിലങ്ങും ഓട്ടക്കാർ. കൊച്ചുകുട്ടികളും സ്ത്രീകളും ഭിന്നശേഷിക്കാരുമടക്കം മാരത്തണിൽ അണിനിരന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ ‘ബാക്ക് ടു ട്രാക്ക് എന്ന സന്ദേശവുമായി തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തൺ (ടിസിസിഎം) രണ്ടാംപതിപ്പിൽ ആയിരങ്ങളാണ് ഓടിയത്. മാരത്തണിൽ കലക്ടർ അർജുൻ പാണ്ഡ്യൻ 32 കിലോമീറ്റർ ഓടി പൂർത്തീകരിച്ചു. സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ്, മേയർ നിജി ജസ്‌റ്റിൻ, എലൈറ്റ് ഫുഡ്‌സ് ജനറൽ മാനേജർ കെ എൻ രാമകൃഷ്‌ണൻ എന്നിവർ മാരത്തൺ ഫ്ലാഗ് ഓ-ഫ് ചെയ്‌തു. കേരളത്തിലാദ്യമായി 32 കിലോമീറ്റർ ട്വിൻ്റി മൈലർ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് 25ന് തൃശൂരിൽ മാരത്തൺ സംഘടിപ്പിച്ചത്. തൃശൂർ പാലസ് ഗ്രൗണ്ടിൽ ഒത്തുച്ചേർന്നായിരുന്നു മാരത്തണിന് തുടക്കമിട്ടത്. വിജയികൾക്ക് മന്ത്രി കെ രാജൻ ട്രോഫി സമ്മാനിച്ചു. എൻഡുറൻസ് അത്ലറ്റ്സ് ഓഫ് തൃശൂർ, ജില്ലാ ഭരണകേന്ദ്രം, സിറ്റി പൊലീസ്, കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. കേരള ഗ്രാമീൺ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പാണ് പ്ലാറ്റിനം സ്പോൺസർ.


