അഴീക്കോട് ലൈറ്റ് ഹൗസിനു പടിഞ്ഞാറ് അനധികൃതമായി മീന്‍പിടിത്തം നടത്തിയ നാല് ബോട്ടുകള്‍ ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘവും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് പീടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ മുനമ്പം പള്ളിപ്പുറം, മാല്യങ്കര സ്വദേശികളായ അമിത്ത് പ്രകാശ്, ജോഷി. എം.പി, നിധീഷ്, ജോണി. എന്നവരുടെ ഉടമസ്ഥതയിലുള്ള സമൃദ്ധി, ഓറിയോണ്‍, എയ്ഗര്‍, കരുണ എന്നീ ബോട്ടുകളാണ് മിന്നല്‍ കോബിംഗില്‍ സംയുക്ത സംഘം പിടിച്ചെടുത്തത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴിക്കോട്, മുനക്കകടവ് ഫിഷ് ലാന്റിങ്ങ് സെന്ററില്‍ പരസ്യ ലേലം ചെയ്ത് ലഭിച്ച 1,71,200/രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും 4 ബോട്ടികള്‍ക്ക് 2.5 ലക്ഷം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേര്‍ന്ന് രാത്രികാല കരവലി മീന്‍പിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചതിനും, ട്രോളറുകള്‍ക്ക് നിരോധനമുള്ള 20 മീറ്ററില്‍ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളില്‍ മീന്‍പിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി ഗ്രേസ്സിയുടെയും അഴീക്കോട് കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ . സി രമേഷിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രത്യേക രാത്രികാല കോമ്പിങ്ങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്


