വെള്ളിക്കുളങ്ങര: ദേശീയപാത നിർമാണത്തിൻ്റെ മറവിൽ വെള്ളിക്കുളങ്ങരയിൽ വൻ തോതിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നു. കൊടുങ്ങ ഭഗവതി ക്ഷേത്രത്തിനു സമീപം അമ്പനോളിയിലും കോടാലി- വെള്ളിക്കുളങ്ങര റോഡിൽ കൊടുങ്ങയിൽ റോഡരികിലും ആണ് കഴിഞ്ഞ രണ്ട് മാസത്തോളമായി വൻ തോതിൽ മണ്ണെടുപ്പ് നടക്കുന്നത്. കൊരട്ടി ചിറങ്ങരയിലും കൊടകര പേരാമ്പ്രയിലും നടക്കുന്ന ദേശീയപാത നിർമാണത്തിനായി വെള്ളികുളങ്ങരയിലെ മൂന്ന് സർവേ നമ്പറുകളിൽ പെട്ട സ്ഥലത്തു നിന്നാണ് സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മണ്ണെടുക്കാൻ അനുമതി നൽകിയത്. ജില്ലാ ഭരണകേന്ദ്രം, മൈനിങ് ആൻഡ് ജിയോളജി, മാലിന്യ നിയന്ത്രണ ബോർഡ്, ഫോറസ്റ്റ് എന്നിവയുടെ അനുമതിയോടെ കലക്ടർ ആണ് പാസ് നൽകിയിട്ടുള്ളത്. എന്നാൽ ഈ പാസിലെ നിബന്ധനകൾ ലംഘിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ 50 ഉം 60 ഉം ടൺ ഭാരശേഷിയുള്ള ലോറികളിൽ ദിനംപ്രതി മുപ്പതോളം ലോഡ് മണ്ണാണ് കടത്തുന്നത്. മുപ്പതും നാൽപ്പതും അടി പൊക്കമുള്ള കുന്നുകൾ ഇടിച്ചാണ് മണ്ണെടുക്കുന്നത്. സ്വാഭാവിക നീർച്ചാലുകൾ നികത്തിയാണ് ലോറികൾ പോകാനുള്ള റോഡ് നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്ന മണ്ണ് ദേശീയപാത നിർമാണത്തിനു മാത്രമേ ഉപയോഗിക്കൂ എന്ന ഒരു അഫിഡവിറ്റ് മാത്രമാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കൈവശം ഉള്ളത് അതേസമയം പാസ് ഇല്ലാതെ അമ്പനോളിയിൽ നിന്ന് കടത്തിയ ഒരു ലോഡ് മണ്ണ് തിങ്കളാഴ്‌ച വെള്ളിക്കുളങ്ങര പൊലീസ് പിടികൂടി ജിയോളജി വകുപ്പിന് കൈമാറി. അമിത ഭാരവുമായി ലോറികൾ പോകുന്നത് മൂലം പഞ്ചായത്ത് റോഡുകൾ തകരുകയാണ്. പരാതി ഉയർന്നതിനെ തുടർന്ന് അധികൃതർ കഴിഞ്ഞദിവസം മണ്ണെടുക്കുന്ന സ്ഥലം പരിശോധിച്ചിരുന്നു.


