
ഹരാരെയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തോൽപ്പിച്ച് ഇന്ത്യ ആറാം തവണയും അണ്ടർ 19 ലോകകപ്പ് കിരീടം ചൂടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. യുവതാരം വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 80 പന്തിൽ നിന്ന് 15 വീതം സിക്സറുകളും ഫോറുകളും ഉൾപ്പെടെ 175 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ആയുഷ് മാത്രെയുടെ അർധസെഞ്ചുറിയും (53) അവസാന ഓവറുകളിൽ കനിഷ് ചൗഹാന്റെ വെടിക്കെട്ടും (37) സ്കോർ 400 കടത്താൻ സഹായിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 40.2 ഓവറിൽ 311 റൺസിനെടുക്കാനേ സാധിച്ചുള്ളൂ. കലേബ് ഫാൽകോണർ 67 പന്തിൽ നിന്ന് 115 റൺസ് നേടി ഇംഗ്ലണ്ടിനായി പൊരുതിയെങ്കിലും മറ്റ് ബാറ്റിംഗ് നിര തകർന്നത് അവർക്ക് തിരിച്ചടിയായി. ബെൻ ഡോക്കിൻസ് 66 റൺസെടുത്ത് പിന്തുണ നൽകി. മധ്യനിരയിൽ റാൽഫി ആൽബെർട്ട്, ഫർഹാൻ അഹമ്മദ് എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഫാൽകോണർ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു.
Also Read: ഷോൺ റോജറിന് സെഞ്ച്വറി തിളക്കം; സി.കെ. നായിഡു ട്രോഫിയിൽ കേരളം 255 റൺസിന് പുറത്ത്
ഇന്ത്യൻ ബൗളിംഗ് നിരയിൽ ആർ.എസ്. ആംബ്രിഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. നിർണ്ണായക സമയങ്ങളിൽ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ പ്രതിരോധത്തിലാക്കിയ ആംബ്രിഷ്, ഓപ്പണർ ജോസഫ് മൂർസിനെയും അപകടകാരിയായ ജെയിംസ് മിന്റോയെയും പുറത്താക്കിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി. ഖിലൻ പട്ടേൽ, കനിഷ്ക് ചൗഹാൻ, ആയുഷ് മാത്രെ എന്നിവരും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി ഇന്ത്യൻ വിജയത്തിൽ പങ്കാളികളായി.
സെമി ഫൈനലിൽ തിളങ്ങിയ മലയാളി താരം ആരോൺ ജോർജ് ഫൈനലിൽ ഒമ്പത് റൺസിന് പുറത്തായെങ്കിലും, വൈഭവ്-ആയുഷ് സഖ്യം രണ്ടാം വിക്കറ്റിൽ ചേർത്ത 142 റൺസ് ഇന്ത്യക്ക് മികച്ച അടിത്തറ നൽകി. വേദാന്ത് ത്രിവേദി (32), വിഹാൽ മൽഹോത്ര (30), അഭിഗ്യാൻ കുണ്ടു (40) എന്നിവരുടെ ഭേദപ്പെട്ട പ്രകടനവും വിജയത്തിൽ നിർണ്ണായകമായി. ആധിപത്യം ഉറപ്പിച്ച പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് ഇന്ത്യ ഒരിക്കൽ കൂടി തെളിയിച്ചു.
The post യുവരാജാക്കന്മാർ ഇന്ത്യ തന്നെ! ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ആറാം ലോകകിരീടം appeared first on Express Kerala.




