കൊടുങ്ങല്ലൂർ : അഴീക്കോട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും, വധഭീഷണി മുഴക്കി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. പെരിഞ്ഞനം പള്ളിയമ്പലം സ്വദേശി തേരുപറമ്പിൽ വീട്ടിൽ പ്രിൻസ് (27) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മലപ്പുറത്ത് നിന്ന് പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബർ 14-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അഴീക്കോട് മരപ്പാലം സ്വദേശിയായ തട്ടാരുപറമ്പിൽ വീട്ടിൽ അക്ഷയ് എന്ന യുവാവിനോടുള്ള മുൻവൈരാഗ്യം കാരണം പ്രതികൾ ഫോണിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് അന്നേ ദിവസം രാത്രി 9.30-ഓടെ പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് പ്രതികളിൽ ഒരാളുടെ കൊട്ടിക്കലിലെ വീട്ടിലേക്ക് അക്ഷയിനെ വിളിച്ചുവരുത്തി.
വീട്ടിലെത്തിയ അക്ഷയിനെ പ്രതികളായ മൂന്ന് പേരും ചേർന്ന് മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, തുടർന്ന് അക്ഷയ് യുടെ പക്കലുണ്ടായിരുന്ന 65,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 200 രൂപയും കവർച്ച ചെയ്തു. അർദ്ധരാത്രി 12 മണി വരെ യുവാവിനെ മുറിയിൽ പൂട്ടിയിട്ട് നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും..
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബികെ, എസ് ഐ മാരായ സാലിം കെ, മനു ചെറിയാൻ, ജി എ എസ് ഐ ഉമേഷ്, ജി എസ് സി പി ഒ ഗോപേഷ്, സി പി ഒ മാരായ ജിനീഷ്, വിഷ്ണു എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

