തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ചു. പുറത്തു ചാടിയ ആൾ ആദ്യം തൃശ്ശൂർ കാമത്ത് ലൈനിലെ ഹോസ്റ്റൽ ഓണർ ആയ 66 വയസ്സുള്ള മുരളിയെ കുത്തി. ശേഷം റോഡിലൂടെ നടന്നുപോയ ഇയാൾ പടിഞ്ഞാറെ കോട്ടയിൽ വച്ച് മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.
പരിക്കേറ്റ മുരളിയെ തൃശ്ശൂർ അശ്വിനി ആശുപത്രിയിലും, മറ്റു രണ്ടുപേരെ തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഉടമയായ മുരളിക്ക് വയറിനാണ് കുത്തേറ്റത്. കുത്തിയ ഇതര സംസ്ഥാനക്കാരനെ പിടികൂടി തിരികെ മാനസികാരോഗ്യ കേന്ദ്രത്തിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ആശുപത്രിയിൽ നിന്നും ബാത്റൂമിന്റെ വശത്തുകൂടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ആലുവ പോലീസ് ആണ് ഇയാളെ ഇന്ന് പുലർച്ചെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. പുലർച്ചെ ഒന്നരയ്ക്ക് മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാൾ രണ്ടു മണിയോടെ പുറത്ത് ചാടുകയായിരുന്നു

