ഗുരുവായൂർ ക്ഷേത്ര ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച ലൈലാക് ഹോട്ടൽ ഗ്രൂപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ടു ബിജെപി
ഗുരുവായൂർ: അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചും ദൃശ്യങ്ങൾ പ്രചരിപ്പിച്ചും സംഭവത്തിൽ വിവാദം കത്തുന്നു. പ്രമുഖ ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ലൈലാക് ഹോട്ടൽ ഗ്രൂപ്പ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കും (ACP) ടെമ്പിൾ സർക്കിൾ ഇൻസ്പെക്ടർക്കും (CI) ഔദ്യോഗികമായി പരാതി സമർപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ക്ഷേത്രപരിസര ദൃശ്യങ്ങൾ അനുമതിയില്ലാതെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
ഗുരുവായൂർ ക്ഷേത്രം ദേശീയ-അന്തർദേശീയ തലത്തിൽ ഭക്തജനങ്ങൾ എത്തിച്ചേരുന്ന അതീവ സുരക്ഷാ മേഖലയാണ്. തിരക്ക് നിയന്ത്രണം, ഭീകരവിരുദ്ധ ജാഗ്രത, നിരീക്ഷണ സംവിധാനം എന്നിവ ശക്തമായി നടപ്പിലാക്കിയിരിക്കുന്ന പ്രദേശത്ത് ഡ്രോൺ ഉപയോഗം സംബന്ധിച്ച് കർശനമായ നിയമങ്ങളും അനുമതിപ്രക്രിയകളും നിലവിലുണ്ട്. ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ വ്യക്തമായ അനുമതി നിർബന്ധമാണെന്നും, സുരക്ഷാ വിലയിരുത്തൽ കൂടാതെയുള്ള ഇത്തരം നടപടികൾ ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കാമെന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.
അതീവ സുരക്ഷാ മേഖലയായ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ഡ്രോൺ ചിത്രീകരണ സംഭവം സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിവെക്കുകയാണ്. അന്വേഷണം ആരംഭിച്ചാൽ മാത്രമേ യഥാർത്ഥ സ്ഥിതി വ്യക്തമാകൂ. ഭക്തജനങ്ങളുടെ സുരക്ഷ മുൻഗണനയായി കാണുന്ന സാഹചര്യത്തിൽ, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി അനിവാര്യമാണെന്ന അഭിപ്രായം ശക്തമാകുന്നു.
<p>The post അതീവ സുരക്ഷാ മേഖലയിലെ ഡ്രോൺ ചിത്രീകരണം; സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ബിജെപി first appeared on guruvayoorOnline.com | Guruvayur Temple.</p>

