
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്ക അനുമതി നൽകിയെന്ന പ്രസ്താവനയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആജ്ഞകൾ സ്വീകരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കത്തിൽ വ്യക്തമാക്കി.
“പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമാണ്. വിദൂര വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ ഞങ്ങൾ സ്വീകരിക്കില്ല,” എന്ന് അദ്ദേഹം കുറിച്ചു. ട്രംപിനോട് സ്വന്തം രാജ്യത്തെ കാര്യങ്ങൾ കഴിവിന്റെ പരമാവധി നന്നായി നോക്കാൻ കമൽഹാസൻ ആവശ്യപ്പെട്ടു. രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ലോകസമാധാനത്തിന്റെ അടിസ്ഥാനമെന്നും അമേരിക്കയ്ക്കും അവിടുത്തെ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മീഷോയ്ക്ക് വീണ്ടും തിരിച്ചടി; 1500 കോടി രൂപ നികുതി അടയ്ക്കാൻ ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കുന്നു എന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ഈ അനുവാദം നൽകൽ ശൈലിക്കെതിരെ രാജ്യത്തിനകത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് “ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനിക്കുന്ന പൗരൻ” എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് കമൽഹാസൻ ട്രംപിന് കത്തയച്ചത്.
The post “മിസ്റ്റർ പ്രസിഡന്റ് സ്വന്തം കാര്യം നോക്കൂ, ഇന്ത്യ പരമാധികാര രാഷ്ട്രമാണ്”; ട്രംപിന് കമൽഹാസന്റെ തുറന്ന കത്ത് appeared first on Express Kerala.




