
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിയ ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് കവചമൊരുക്കി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികരുടെ സുരക്ഷ മുൻനിർത്തിയുമാണ് നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്. നിലവിൽ ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള മൂന്ന് യുദ്ധക്കപ്പലുകൾ ഇന്ത്യൻ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ സജ്ജമാണ്.
ഖത്തറിൽ നിന്ന് ഏകദേശം 85,000 മെട്രിക് ടൺ എൽ.പി.ജി.യുമായി വന്ന ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ ചരക്ക് കപ്പലുകൾ കഴിഞ്ഞ ദിവസം നാവികസേനയുടെ കർശന സുരക്ഷയിൽ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലേക്കാണ് ഈ കപ്പലുകൾ വരുന്നത്. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യൻ കപ്പലുകൾ നാവികസേനയുടെ നേരിട്ടുള്ള കാവലിൽ ഈ തന്ത്രപ്രധാന പാതയിലൂടെ സഞ്ചരിക്കുന്നത്.
Also Read:ഇന്ത്യയ്ക്ക് ആശ്വാസം; ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് എൽപിജി ടാങ്കറുകൾ! 611 നാവികർ സുരക്ഷിതർ
നിലവിൽ 23,000-ത്തോളം ഇന്ത്യൻ നാവികർ ജോലി ചെയ്യുന്ന നിരവധി കപ്പലുകൾ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിയൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നിടത്തോളം കാലം ‘ഓപ്പറേഷൻ സങ്കൽപ്പിന്റെ’ ഭാഗമായി ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടി തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post കടലിൽ കാവലായി ഇന്ത്യൻ നാവികസേന; ഇന്ത്യൻ ചരക്ക് നീക്കം സുരക്ഷിതമാക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ appeared first on Express Kerala.




