
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ ‘ആട്’ അതിന്റെ മൂന്നാം ഭാഗവുമായി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 2015-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ടെലിവിഷനിലൂടെയും മറ്റും നേടിയ ജനപ്രീതിയും, 2017-ലെ രണ്ടാം ഭാഗം കൈവരിച്ച വമ്പൻ വിജയവുമാണ് ‘ആട് 3’-ലേക്ക് പ്രേക്ഷകരെ ആകർഷിച്ചത്. ഈ വർഷം ഏറ്റവും വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ഷോകൾക്ക് ശേഷം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷാജി പാപ്പന്റെയും സംഘത്തിന്റെയും മൂന്നാം വരവ് ആരാധകരുടെ പ്രതീക്ഷകൾക്ക് ഒത്തതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത പല സ്ഥലകാലങ്ങളിലായി കഥ പറയുന്നു എന്നതാണ്. പരിചിതമായ കഥാപാത്രങ്ങളെ വ്യത്യസ്ത കാലഘട്ടങ്ങളിൽ അവതരിപ്പിക്കുമ്പോഴും അവരുടെ തനതായ ശൈലി നിലനിർത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിന്റെയും ഇൻട്രോ സീനുകൾക്കും തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഫസ്റ്റ് ഹാഫിൽ ധർമ്മജന്റെ കോമഡികളും ഷാൻ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
Also Read: പ്രദീപ് രംഗനാഥന്റെ ‘ലവ് ഇൻഷുറൻസ് കമ്പനി’ തീയേറ്ററുകളിലേക്ക്!
ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പെടുന്ന ഫൈനൽ ആക്റ്റിനും മികച്ച അഭിപ്രായമാണ് സിനിമാപ്രേമികൾ നൽകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെയും കോമഡി നിലവാരം കാത്തുസൂക്ഷിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ ഷോകളിൽ നിന്ന് ലഭിക്കുന്ന ഈ പോസിറ്റീവ് റിപ്പോർട്ടുകൾ വരും ദിവസങ്ങളിലും തുടർന്നാൽ, 2026-ലെ മലയാള സിനിമയിലെ ആദ്യത്തെ വമ്പൻ പടമായി ‘ആട് 3’ മാറുമെന്ന കാര്യത്തിൽ സംശയമില്ല.
The post പാപ്പനും പിള്ളേരും വീണ്ടും തരംഗമാകുന്നു! ‘ആട് 3’ ആദ്യ ഷോകൾക്ക് ആവേശകരമായ പ്രതികരണം appeared first on Express Kerala.




