ഇറാൻ – അമേരിക്ക ചർച്ചയിൽ പാകിസ്ഥാന് പങ്കില്ല; മധ്യസ്ഥ വാർത്തകൾ തള്ളി ഇറാൻ പ്രതിനിധി

ഇറാൻ – അമേരിക്ക ചർച്ചയിൽ പാകിസ്ഥാന് പങ്കില്ല; മധ്യസ്ഥ വാർത്തകൾ തള്ളി ഇറാൻ പ്രതിനിധി

ശ്ചിമേഷ്യൻ സംഘർഷത്തിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നുവെന്ന വാർത്തകൾ ഇറാൻ ഔദ്യോഗികമായി തള്ളി. ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹിയാണ് പട്‌നയിൽ വെച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ സൗകര്യമൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നയതന്ത്ര നീക്കങ്ങളിൽ പാകിസ്താൻ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണമാണ് നിലവിലെ യുദ്ധത്തിന് ആധാരമെന്ന് ഹക്കീം ഇലാഹി ചൂണ്ടിക്കാട്ടി. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും, ആശുപത്രികളും സ്കൂളുകളും സിവിലിയൻ പാർപ്പിടങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം ആരംഭിച്ചവർ അത് നിർത്തിയാൽ മാത്രമേ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പട്‌നയിൽ നടന്ന അനുശോചന ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.

മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ ആഗോള സാമ്പത്തിക സ്ഥിരതയെയും ഊർജ്ജ വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനും സമാധാനം ഉറപ്പാക്കാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ലോകനേതാക്കൾ ഒന്നിച്ച് നിൽക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇലാഹി ആഹ്വാനം ചെയ്തു.

The post ഇറാൻ – അമേരിക്ക ചർച്ചയിൽ പാകിസ്ഥാന് പങ്കില്ല; മധ്യസ്ഥ വാർത്തകൾ തള്ളി ഇറാൻ പ്രതിനിധി appeared first on Express Kerala.

Spread the love
Scroll to Top