ചെന്ത്രാപ്പിന്നി : ഉത്തർപ്രദേശിലെ വാരണാസിയിൽ 2026 ജനുവരി നാല് മുതൽ 11 വരെ നടക്കുന്ന ദേശീയ പുരുഷ- വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ കേരളത്തിൽ നിന്ന് കഴിമ്പ്രം സ്വദേശി ടി.എൻ സിജിലിനെ തെരഞ്ഞെടുത്തു.
നിരവധി ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ദേശീയ വോളിബോൾ മത്സരത്തിൽ വിസിൽ മുഴക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദേശീയ റഫറി കൂടിയായ ടി എൻ സിജിൽ. കഴിമ്പ്രം ശ്രീനാരായണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ നിന്നും വോളിബോൾ കളിച്ചു തുടങ്ങിയ സിജിൽ സംസ്ഥാന ജൂനിയർ ടീമിലും, സ്കൂൾ ടീമിലും വോളിബോൾ താരമായിരുന്നു.
കായിക അധ്യാപക പഠന സമയത്താണ് വോളിബോൾ റഫറിയുടെ വേഷമണിയാൻ തുടങ്ങിയത്. 2010 ൽ അഖിലേന്ത്യ റഫറി ടെസ്റ്റിൽ മികച്ച വിജയം നേടിയതിനുശേഷം നിരവധി അഖിലേന്ത്യ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ദേശീയ സീനിയർ വോളിബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നത്.
ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ ഇദ്ദേഹം കേരള സ്കൂൾ ടീമിന്റെ പരിശീലകനായും അഞ്ചു തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.
മുൻ വനിതാ കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളി ടീമിന്റെ ക്യാപ്റ്റനായിരുന്ന എം.ബി നിഷയാണ് ഭാര്യ,മകൾ ടി.എസ് കൃഷ്ണനന്ദ ജില്ലാ സ്കൂൾ ടീമിലും,സബ് ജൂനിയർ ടീമിലും ഇപ്പോൾ കളിക്കുന്നുണ്ട്.


