ഐടിയു ബാങ്ക് പ്രതിസന്ധി. നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്.
ഇരിങ്ങാലക്കുട :- ക്രമക്കേടിനെത്തുടർന്ന് ആർബിഐ ഏറ്റെടുത്ത ഇരിങ്ങാലക്കുട ടൗൺ കോ–-ഓപ്പറേറ്റീവ് ബാങ്ക് നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്. ബാങ്കിൽ പണം നിക്ഷേപിച്ചിട്ട് കാലാവധി പൂർത്തിയായിട്ടും തിരികെ ലഭിക്കാത്തവർ ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ പ്രതിഷേധം സംഘടിപ്പിക്കും.
രാവിലെ 10.30ന് ഇരിങ്ങാലക്കുട ഠാണാ സൗത്ത് ജങ്ഷനിലാണ് ഒത്തുച്ചേരൽ. കോണ്ഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാനുമായ എം പി ജാക്സനായിരുന്നു പതിറ്റാണ്ടുകളായി ബാങ്ക് ചെയർമാൻ. വർഷങ്ങളായി ബാങ്കിൽ വൻ ക്രമക്കേടാണ് നടന്നത്. ആർബിഐയുടെ നാല് മാനദണ്ഡങ്ങളും ലംഘിച്ചാണ് വഴിവിട്ട വായ്പകൾ നൽകിയത്.
തിരിച്ചടവില്ലാത്തതിനാൽ കോടികൾ നഷ്ടത്തിലാണ്. നിക്ഷേപകരുടെ കൂട്ടായ്മയിൽ ഇതുവരെ കണ്ണികളായവരുടെ കണക്ക് പ്രകാരം 400 കോടിയോളം രൂപ തിരിച്ചുകിട്ടാനുണ്ട്. എന്നാൽ, ബാങ്ക് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഇടപെടുമെന്നുമാണ് കഴിഞ്ഞ ദിവസം എം പി ജാക്സൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആർബിഐ ഭരണം ഏറ്റെടുത്തതിനെതിരെ എം പി ജാക്സൻ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കയാണ്.
വകുപ്പനുമതിയില്ലാതെയും നിയമാവലിക്ക് വിരുദ്ധമായും ബാങ്കിൽ നടത്തിയ വഴിവിട്ട ചെലവുകളുടെ നഷ്ടം ഭരണസമിതിയംഗങ്ങളിൽനിന്ന് ഇൗടാക്കാൻ സഹകരണ വകുപ്പ് നടപടി തുടങ്ങിയിരിക്കയാണ്. ഇതെല്ലാം മറച്ചുവച്ചാണ് സർക്കാർ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കുമെന്ന് എം പി ജാക്സൻ പറഞ്ഞത്. ഭരണ സ്വാധീനം ഉപയോഗിച്ച് സഹകരണവകുപ്പ് നടപടി ഒഴിവാക്കാനും ശ്രമങ്ങൾ നടക്കുന്നു എന്ന സംശയവും നിക്ഷേപകര്ക്കുണ്ട്. ഇതോടെയാണ്
നിക്ഷേപകർ പ്രത്യക്ഷ സമരത്തിന് രംഗത്തിറങ്ങുന്നത്.
കഴിഞ്ഞ ദിവസം നിക്ഷേപകർ കൂട്ടത്തോടെ ബാങ്കിൽ എത്തിയിരുന്നു. എ ന്നാൽ പണം തിരിച്ച് നൽകാൻ തടസ്സങ്ങളുണ്ടെന്നാണ് ആർബിഐ നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചത്. നിഷ്ക്രിയ ആസ്തികൾ വിറ്റ് ബാങ്ക് ലാഭത്തിലായാലേ നിക്ഷേപ തുക തിരിച്ച് നൽകാനാവൂവെന്നും അറിയിച്ചു. അതിന് കടന്പകൾ ഏറെയാണ്



