എരവിമംഗലം: പിറന്നാൾ ദിനത്തിൽ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസൺൻറെ മകൾ എമിലിയ (ഒന്ന്) ആണ് മരിച്ചത്. വരടിയം കൂപ്പപാലത്തിന് സമീപം കുഞ്ഞ് സഞ്ചരിച്ചിരുന്ന ഓട്ടോ റോഡ് നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന മൺകൂനയിൽ ഇടിച്ചു നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബുധൻ രാത്രി ഏഴോടെ വരടിയത്തെ അമ്മവീട്ടിൽ നിന്നും എരവിമംഗലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴം പുലർച്ചെ നാലോടെ മരിച്ചു. സംസ്കാരം നടത്തി. അപകടത്തിൽ കുട്ടിയുടെ അമ്മ റിൻസി -(29), മുത്തച്ഛൻ മേരിദാസ് (67), സഹോദരൻ എറിക് (ആറ്), ഓട്ടോ ഡ്രൈവർ മനോഹരൻ (62) എന്നിവർക്കും പരിക്കേറ്റു. മന്ത്രി കെ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യാ രാജേഷ്, പഞ്ചായത്ത് പ്രസിഡൻ്റ് ജോബി ജോസ്, വൈസ് പ്രസിഡൻ്റ് ഷീന പെറ്റേക്കാട്ട്, സിപിഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, ഏരിയ കമ്മിറ്റിയംഗം കെ ആർ രമേഷ് -എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.


