തൃശൂർ: മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെറ്റ് പറ്റിയെന്ന് കാട്ടി ഡിസിസി പ്രസിഡന്റിന് കത്തയച്ച് വിമത മെമ്പർ. മറ്റത്തൂർ പഞ്ചായത്ത് 23-ാം വാർഡ് അംഗം അക്ഷയ് സന്തോഷാണ് ഡിസിസി പ്രസിഡന്റിന് കത്ത് നൽകിയത്. പുതിയ മെമ്പർ എന്ന നിലയിൽ വീഴ്ച്ച പറ്റിയെന്നും തന്നെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നുമാണ് അക്ഷയ് ഡിസിസി പ്രസിഡന്റിന് അയച്ച കത്തിൽ പറയുന്നത്. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെ നിർദേശപ്രകാരമാണ് രാജിവെച്ചതെന്നും പാർട്ടിയിലെ എല്ലാ തീരുമാനങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ച് താൻ പ്രവർത്തിക്കുമെന്നും അക്ഷയ് ഡിസിസി പ്രസിഡന്റിന് അയച്ച കത്തിൽ പറയുന്നുണ്ട്.
പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാൻ താൻ തയ്യാറാണെന്നും അക്ഷയ് സന്തോഷ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് അയച്ച കത്തിൽ പറയുന്നുണ്ട്. ബിജെപിയുടെ പിന്തുണ തേടിയ പഞ്ചായത്ത് അംഗങ്ങളെയും വിമത നേതാക്കളെയും നേരത്തെ അക്ഷയ് പരസ്യമായി തളളിപ്പറഞ്ഞിരുന്നു. അക്ഷയ് സന്തോഷിനെ വിമത നേതാവ് ടി എം ചന്ദ്രൻ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തിൽ 10 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നത്. 24 അംഗ പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസ്സിയെ പിന്തുണച്ചത്. സംഭവത്തിൽ കോൺഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.


