ഫേസ്ബുക്കിൽ നിന്ന് ചില മാധ്യമങ്ങളുടെ വാർത്തകൾ നീക്കം ചെയ്ത സംഭവത്തിൽ രാഷ്ട്രീയ കേരളത്തിൽ പുതിയ പോരിന് തിരികൊളുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് രംഗത്ത്. എഐ പ്ലാറ്റ്‌ഫോമുകൾ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഐസക് വി.ഡി. സതീശനെതിരെ രംഗത്തുവന്നിരിക്കുന്നത്. വാർത്തകൾ നീക്കം ചെയ്തത് പ്രാദേശിക അധികാരികൾ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും, മെറ്റയ്ക്ക് നൽകിയ നിർദ്ദേശം സതീശൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം വലിയ ചർച്ചയായിക്കഴിഞ്ഞു.
താൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ എന്നും തന്റെ ഓഫീസ് പറഞ്ഞാൽ മെറ്റ വാർത്ത റിമൂവ് ചെയ്യുമോ എന്നുമുള്ള വി.ഡി. സതീശന്റെ മുൻ പ്രസ്താവനകളെ ചോദ്യം ചെയ്തുകൊണ്ടാണ് തോമസ് ഐസക് രംഗത്തെത്തിയത്. തുടർന്ന് കൈരളിയുടെ നീക്കം ചെയ്ത കാർഡുകൾ വാട്‌സാപ്പ് മെറ്റയിലും ഗൂഗിളിന്റെ ജെമിനിയിലും ഇട്ട് അദ്ദേഹം പരിശോധിക്കുകയുണ്ടായി. ഈ ചിത്രങ്ങൾ യാതൊരുവിധ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളും ലംഘിക്കുന്നില്ലെന്നും, അക്രമമോ നഗ്നതയോ വ്യാജ നിർമ്മിത ദൃശ്യങ്ങളോ അല്ലെന്നും മെറ്റ വ്യക്തമാക്കിയതായി ഐസക് ചൂണ്ടിക്കാണിക്കുന്നു.
ALSO READ;ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണെന്ന് സർക്കാർ, കാണേണ്ടത് അമിത് ഷായുടെ രാജിയെന്ന് പ്രതിപക്ഷം; പാർലമെന്റിൽ കയ്യാങ്കളി!
എന്നാൽ പിന്നെ എന്തുകൊണ്ട് ഈ ചിത്രങ്ങൾ നീക്കം ചെയ്യപ്പെട്ടു എന്നതിന്റെ കാരണം ജെമിനിയോട് ചോദിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. “Your photo is unavailable in India” എന്നും, “pursuant to legal requirements under Information Technology… Rules” പ്രകാരമാണ് ആക്‌സസ് നിയന്ത്രിച്ചിരിക്കുന്നതെന്നും ഫോട്ടോയുടെ പശ്ചാത്തലത്തിൽ വ്യക്തമാക്കുന്നുണ്ട്. ചിത്രങ്ങൾ മെറ്റയുടെ ആഗോള നിയമങ്ങളുടെ ലംഘനം കൊണ്ടല്ല, മറിച്ച് പ്രാദേശിക അധികാരികളിൽ നിന്നുള്ള നിയമപരമായ അഭ്യർത്ഥന കാരണം ഇന്ത്യയിൽ ജിയോ-ബ്ലോക്ക് ചെയ്യപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതായി ഐസക് പറഞ്ഞു.
മിസ്റ്റർ സതീശൻ നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും താങ്കൾ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത് നീക്കം ചെയ്തതെന്നും, ബിജെപി ഉണ്ടാക്കിയ നിയമം ഉപയോഗിച്ച് മെറ്റയ്ക്ക് നൽകിയ നിർദ്ദേശം പിൻവലിക്കുകയാണ് വേണ്ടതെന്നും ഐസക് തുറന്നടിച്ചു. ഇത് പൗരാവകാശ ധ്വംസനവും അഭിപ്രായ സ്വാതന്ത്ര്യത്തെ നിരോധിക്കലാണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, മെറ്റ നീക്കം ചെയ്ത അതേ കാർഡുകൾ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിച്ചത്.
The post ‘പൊട്ടൻ കളിക്കരുത്, വാർത്ത നീക്കംചെയ്തത് അധികാരികൾ ആവശ്യപ്പെട്ടിട്ട്’! വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക് appeared first on Express Kerala.




