September 2, 2026

സൗദിയിൽ യാത്രക്കാരെന്ന വ്യാജേനയെത്തി മലയാളി ഡ്രൈവർക്ക് നേരെ ക്രൂരാക്രമണം; കാറും പണവും തട്ടിയെടുത്തു, സംഘത്തിൽ നാല് പേർ

സൗദിയിൽ യാത്രക്കാരെന്ന വ്യാജേനയെത്തി മലയാളി ഡ്രൈവർക്ക് നേരെ ക്രൂരാക്രമണം; കാറും പണവും തട്ടിയെടുത്തു, സംഘത്തിൽ നാല് പേർ

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ യാത്രക്കാരെന്ന വ്യാജേന കാറിൽ കയറി മലയാളി ഡ്രൈവറെ ആക്രമിച്ച് പണവും വാഹനവും കവർന്നു. കായംകുളം സ്വദേശി ഷെമീറിനാണ് ക്രൂരമർദ്ദനമേറ്റത്. റിയാദിലെ ബത്ഹയിൽ നിന്ന് കാർ ഓട്ടത്തിന് വിളിച്ച നാലംഗ സംഘമാണ് ഈ കൃത്യം നടത്തിയത്. ബംഗ്ലാദേശ് പൗരന്മാരായ പ്രതികൾ ഷെമീറിനെ എക്സിറ്റ് 18-ന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു.

തലയ്ക്കും താടിയെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ റോഡരികിൽ ഉപേക്ഷിച്ച ശേഷമാണ് സംഘം കടന്നുകളഞ്ഞത്. പിന്നീട് റോഡരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷെമീറിനെ സൗദി പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികൾ കവർച്ച ചെയ്തു കൊണ്ടുപോയ വാഹനം ബത്ഹയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തിയെങ്കിലും കാറിന്റെ നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു.

Also Read: ഫുഡ് ഡെലിവറിയുടെ മറവിൽ മദ്യവിൽപന; മട്ടാഞ്ചേരിയിൽ ഡെലിവറി ബോയി 42 കുപ്പി മദ്യവുമായി പിടിയിൽ

ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ഷെമീറിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വെൽഫെയർ വിഭാഗം ഭാരവാഹികളായ നിസാർ അഞ്ചൽ, മുബഷിർ സഖാഫി, ഹനീഫ മാസ്റ്റർ, സാബു സിദ്ദീഖ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്‌പോൺസറുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കി ഷെമീറിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.സി.എഫ് പ്രവർത്തകർ. ഇതിനായുള്ള വിമാന ടിക്കറ്റ് ഐ.സി.എഫ് റിയാദ് റീജ്യൻ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ സൗദി പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

The post സൗദിയിൽ യാത്രക്കാരെന്ന വ്യാജേനയെത്തി മലയാളി ഡ്രൈവർക്ക് നേരെ ക്രൂരാക്രമണം; കാറും പണവും തട്ടിയെടുത്തു, സംഘത്തിൽ നാല് പേർ appeared first on Express Kerala.

See also  അസാധാരണ മത്സ്യങ്ങൾ..! നേപ്പാളിൽ നിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിച്ചാൽ അപകടം; സർക്കാരിന്റെ മുന്നറിയിപ്പ്
Spread the love