മലമ്പുഴ: പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. സ്കൂളിലെ സംസ്കൃത അധ്യാപകനും കൊല്ലങ്കോട് സ്വദേശിയുമായ അനിലാണ് (41) പിടിയിലായത്. പോക്സോ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇക്കഴിഞ്ഞ നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയെ തന്റെ ക്വാർട്ടേഴ്സിലെത്തിച്ച അധ്യാപകൻ മദ്യം നൽകി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വിദ്യാർത്ഥി തന്റെ സഹപാഠിയോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
സ്കൂൾ അധികൃതർ വിഷയം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായതിനെത്തുടർന്ന് ഇന്നലെ രാത്രി എട്ട് മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു.


