യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെ! പിണറായിയും കുടുംബവും കരിമണൽ വഴി വൻതോതിൽ പണം സമ്പാദിച്ചു; മാത്യു കുഴൽനാടൻ


മാസപ്പടി കേസിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന തന്റെ നിലപാട് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് എം.എൽ.എ മാത്യു കുഴൽനാടൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസിനെതിരെയുള്ള പോരാട്ടം തികച്ചും പ്രയാസകരമായിരുന്നുവെന്നും, തനിക്കെതിരെ പലഭാഗത്തുനിന്നും ആക്ഷേപങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷം മുമ്പ് താൻ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ പൂർണ്ണമായും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും, സംസ്ഥാന വിജിലൻസോ അതല്ലെങ്കിൽ സി.ബി.ഐ പോലെയുള്ള കേന്ദ്ര ഏജൻസിയോ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ ഈ വിഷയം ആദ്യമായി ഉന്നയിച്ചപ്പോൾ താൻ പച്ചക്കള്ളം പറയുകയാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് പ്രതികാരം ചെയ്യാനാണ് അന്ന് സർക്കാർ ശ്രമിച്ചതെന്നും എന്നാൽ ആ കേസിൽ പിന്നീട് ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:മാണി സി കാപ്പനെ അയോഗ്യനാക്കണം; നിയമസഭാ സ്പീക്കർക്ക് പരാതി നൽകി മുംബൈ മലയാളി
കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ നടന്നത് കൊള്ളയും അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. കരിമണൽ കച്ചവടത്തിലൂടെ മുഖ്യമന്ത്രിയും കുടുംബവും വൻതോതിൽ പണം സമ്പാദിക്കുകയും, ആ അഴിമതിപ്പണത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തുകയും ചെയ്തു. പിണറായി വിജയൻ അധികാരത്തിൽ ഇരുന്ന് ഇതിനുള്ള എല്ലാ വഴികളും ഒരുക്കിക്കൊടുത്തു. മുഖ്യമന്ത്രി ഈ അഴിമതികൾക്ക് കുടപിടിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കനത്ത പരാജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെ! പിണറായിയും കുടുംബവും കരിമണൽ വഴി വൻതോതിൽ പണം സമ്പാദിച്ചു; മാത്യു കുഴൽനാടൻ appeared first on Express Kerala.

