ബംഗ്ലാദേശിലേക്ക് നാടുകടത്തിയ യുവതിയുടെ ഭർത്താവിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം; അസം സർക്കാരിനോട് ഗുവാഹത്തി ഹൈക്കോടതി | Deported Woman Family Compensation


ഗുവാഹത്തി: ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട സ്ത്രീയുടെ ഭർത്താവിന് രണ്ട് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ അസം സർക്കാരിനോട് ഗുവാഹത്തി ഹൈക്കോടതി നിർദേശിച്ചു. നാടുകടത്തൽ നടപടികളിലെ ചട്ടങ്ങൾ ലംഘിച്ച് യുവതിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതി നടപടി (Deported Woman Family Compensation). ബംഗാളി സംസാരിക്കുന്ന മുസ്ലിം യുവതിയായ മുംതാസ് ബീഗത്തെ വിദേശിയാണെന്ന് പ്രഖ്യാപിച്ച വിദേശി ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്നാണ് ഇവരെ ബംഗ്ലാദേശിലേക്ക് അയച്ചത്. എന്നാൽ കേസിൽ സമർപ്പിച്ച മുഴുവൻ തെളിവുകളും ട്രൈബ്യൂണൽ പരിഗണിച്ചില്ലെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരിഗണിക്കാനായി കേസ് ട്രൈബ്യൂണലിലേക്ക് അയച്ചത്.
മെയ് 30ന് ട്രൈബ്യൂണൽ മുംതാസ് ബീഗത്തെ വിദേശിയാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ജൂൺ 14ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കൈമാറിയ യുവതിയെ ശ്രീഭൂമി ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി ചെക്ക്പോസ്റ്റ് വഴി ബംഗ്ലാദേശിലേക്ക് നാടുകടത്തുകയായിരുന്നു.
ഭർത്താവ് മുജമ്മൽ ഹഖ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ കല്യാൺ റായ് സുരാന, സുസ്മിത ഫുക്കൻ ഖൗണ്ട് എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല നഷ്ടപരിഹാരം അനുവദിച്ചത്. യുവതിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കുന്ന വിവരം ഹർജിക്കാരനായ ഭർത്താവിനെയോ പ്രായപൂർത്തിയായ മറ്റേതെങ്കിലും കുടുംബാംഗത്തെയോ അറിയിച്ചിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നാടുകടത്തൽ നടപടിയിൽ ചട്ടലംഘനം ഉണ്ടായ സാഹചര്യത്തിൽ ഇടക്കാല ആശ്വാസമെന്ന നിലയിലാണ് രണ്ട് ലക്ഷം രൂപ നൽകാൻ കോടതി നിർദേശിച്ചത്. 60 ദിവസത്തിനകം തുക ഹർജിക്കാരന് നൽകണമെന്നാണ് അസം സർക്കാരിനുള്ള നിർദേശം. ഇത്തരം സാഹചര്യത്തിൽ ഒരാളെ ബംഗ്ലാദേശിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ചെലവ് ചുമത്തുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോർട്ട്. രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ കൂടുതൽ നഷ്ടപരിഹാരമോ മറ്റ് നിയമപരമായ ആശ്വാസങ്ങളോ ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കാനും ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകി.
Summary: The Gauhati High Court has directed the Assam government to pay Rs 2 lakh in interim compensation to the husband of Mumtaz Begum, who was deported to Bangladesh after being declared a foreign national by a foreigners tribunal. The court observed that she was expelled without informing her husband or an adult family member and allowed the petitioner to seek further relief through a civil court.

