വീട് സമ്മാനമായി പ്രഖ്യാപിച്ച് കോടികളുടെ കൂപ്പൺ തട്ടിപ്പ്; അന്വേഷണം വേണമെന്ന് കർമസമിതി


കണ്ണൂർ: ലോട്ടറി നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃതമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കർമസമിതി. ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമെന്ന പേരിൽ സ്വന്തം വീടും വാഹനങ്ങളും സമ്മാനമായി പ്രഖ്യാപിച്ചാണ് പ്രതി വ്യാജ കൂപ്പൺ അച്ചടിച്ച് വിറ്റത്. സംഭവത്തിൽ എസ്.പി.ക്ക് പരാതി നൽകിയതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
1,500 രൂപയുടെ 10,000 ടിക്കറ്റുകൾ മാത്രമേ അച്ചടിക്കുകയുള്ളൂവെന്ന് പറഞ്ഞിരുന്നെങ്കിലും പതിനായിരത്തിലധികം കൂപ്പണുകൾ വിറ്റ് പ്രവാസികളിൽ നിന്നടക്കം പ്രതി മൂന്ന് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. കഴിഞ്ഞ ഡിസംബറിൽ നറുക്കെടുപ്പിന് തൊട്ടുമുമ്പ് പോലീസ് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. രണ്ടാം സമ്മാനമായി ജീപ്പും മൂന്നാം സമ്മാനമായി കാറും നാലാം സമ്മാനമായി ബുള്ളറ്റും പ്രഖ്യാപിച്ചാണ് പ്രതി ജനങ്ങളെ വിശ്വസിപ്പിച്ചത്.
Also Read: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; സാൽമിയയിൽ 163 പാക്കറ്റ് ഹെറോയിനുമായി രണ്ടുപേർ പിടിയിൽ
തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് പ്രതി വീടിന്റെ ജപ്തി ഒഴിവാക്കിയെന്നും ഈ തുക ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. പ്രതി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. കേസിൽ അന്വേഷണം സമഗ്രമാക്കണമെന്നും പ്രതിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച്, തട്ടിപ്പിലൂടെ വീണ്ടെടുത്ത സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും കർമസമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കർമസമിതി ഭാരവാഹികളായ ടി.കെ. ഹാരിസ്, പ്രവീൺ കൃഷ്ണ, എ.വി. ഷെമിൻ, ടി. പ്രശോഭ് എന്നിവർ പങ്കെടുത്തു.
The post വീട് സമ്മാനമായി പ്രഖ്യാപിച്ച് കോടികളുടെ കൂപ്പൺ തട്ടിപ്പ്; അന്വേഷണം വേണമെന്ന് കർമസമിതി appeared first on Express Kerala.

