September 9, 2026

‘പഞ്ചാബിൽ അപകടകരമായ പ്രവണത’; യുവാവിന്റെ ആത്മഹത്യയിൽ എഎപിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം | Rahul Gandhi against Punjab AAP Government

‘പഞ്ചാബിൽ അപകടകരമായ പ്രവണത’; യുവാവിന്റെ ആത്മഹത്യയിൽ എഎപിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം | Rahul Gandhi against Punjab AAP Government
Rahul Gandhi against Punjab AAP Government

പഞ്ചാബിലെ എഎപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ച ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് സമ്മർദം നേരിട്ടെന്നാരോപിക്കുന്ന ഗുൽസാർ സിങ് എന്ന 50കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സർക്കാർ പരാജയങ്ങളെ ചോദ്യം ചെയ്യുന്നവർക്ക് ഭീഷണിയും പീഡനവും നേരിടേണ്ടിവരുന്ന സാഹചര്യമാണെന്ന് അദ്ദേഹം ആരോപിച്ചു. (Rahul Gandhi against Punjab AAP Government)

സംഗ്രൂർ സ്വദേശിയായ ഗുൽസാർ സിങ് ലഹരി ഉപയോഗത്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയോട് ചോദ്യം ഉന്നയിച്ചിരുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. മകൻ ലഹരിക്ക് അടിമപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ ലഹരി വ്യാപാരത്തിനെതിരെ സർക്കാർ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഗുൽസാറിന്റെ ചോദ്യം എന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. ഇതിന് പിന്നാലെ ഗുൽസാറിന് പൊലീസ് സമ്മർദവും അപമാനവും നേരിടേണ്ടിവന്നെന്നും മാപ്പുപറയാൻ നിർബന്ധിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തുടർന്ന് അദ്ദേഹം വിഷം കഴിക്കുകയും ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ മറ്റൊരു സംഭവവും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി എഎപി സർക്കാരിനെതിരെ വിമർശനം ശക്തമാക്കിയത്. മുഖ്യമന്ത്രി ഭഗവന്ത് മാൻ പങ്കെടുത്ത പരിപാടിയിൽ ലഹരി ഉപയോഗത്തിനെതിരെ കറുത്ത കൊടി ഉയർത്തി പ്രതിഷേധിച്ചതിന് മോഹൻജീത് സിങ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും ചോദ്യം ഉന്നയിക്കുന്നവരെ അടിച്ചമർത്തുകയല്ല വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുൽസാർ സിങ്ങിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ധനമന്ത്രി ഹർപാൽ സിങ് ചീമയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും എഫ്ഐആറിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

See also  ‘ഓരോ വടക്കുകിഴക്കൻ കുടുംബവും തങ്ങൾ ഇവിടെ സുരക്ഷിതരാണോ എന്ന് ഭയപ്പെടുന്നു’: മണിപ്പൂരി സംഗീതജ്ഞൻ്റെ കൊലയിൽ രാഹുൽ ഗാന്ധി | Manipuri Musician Beaten To Death

അതേസമയം, പഞ്ചാബിൽ ലഹരി വിമുക്തി കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിലെ പ്രവേശനം 2024ലെ 9,577ൽ നിന്ന് 2025ൽ 25,290 ആയി ഉയർന്നിട്ടുണ്ട്. 2026 ജൂലൈ വരെയും 14,000ത്തിലധികം പേർ ചികിത്സയ്ക്കായി എത്തിയതായാണ് കണക്ക്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എഎപി സർക്കാരിനെ പുറത്താക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.

Summary: Congress leader Rahul Gandhi has accused the AAP government in Punjab of creating a “dangerous pattern” after the death by suicide of Gulzar Singh, who allegedly faced pressure after questioning the government’s handling of the drug menace. He has demanded an independent investigation and action against those responsible.

Spread the love