September 9, 2026

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനിൽ നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘത്തിലെ അംഗമായ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ല, പയ്യാവൂർ വില്ലേജ്, പയ്യാവൂർ പി.ഒ., കോയിപ്ര സ്വദേശി മുത്തുപ്ലാക്കൽ വീട്ടിൽ സുബിൻ അഗസ്റ്റിനെ (38) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 30 ലക്ഷം രൂപ 2025 ഡിസംബർ 15-ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുകയും, അതേ ദിവസം തന്നെ പ്രസ്തുത തുക പ്രധാന പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് മുഖേന കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്മീഷൻ വ്യവസ്ഥയിലാണ് സുബിൻ അഗസ്റ്റിൻ തട്ടിപ്പ് സംഘത്തിന് പണം കൈമാറിയിരുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP) വഴി സുബിൻ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ, പ്രസ്തുത അക്കൗണ്ടിനെതിരെ 11 പരാതികൾ നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
2025 സെപ്റ്റംബർ 9 മുതൽ 2026 ജനുവരി 1 വരെയുള്ള കാലയളവിലാണ് വയോധികനെയും പരിചാരകയെയും ഭയപ്പെടുത്തി തട്ടിപ്പ് നടത്തിയത്. മണി ലോൺഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് പരാതിക്കാരന്റെ പേരിലുള്ളതാണെന്ന് വാട്സാപ്പ് കോളിലൂടെ വിളിച്ച് പ്രതികൾ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും പണം വേരിഫൈ ചെയ്യുന്നതിനായി പ്രതികൾ നിർദേശിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
‘ദേശീയ താൽപര്യം’ മുൻനിർത്തിയും കോടതി നിർദേശപ്രകാരവുമാണ് നടപടികളെന്നും, വിവരം മറ്റാരോടും വെളിപ്പെടുത്തരുതെന്നും, വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രതികൾ പരാതിക്കാരനെയും പരിചാരകയെയും ഭീഷണിപ്പെടുത്തി വിശ്വസിപ്പിച്ചു. ഇതുവഴി താൻ ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിച്ചാണ് പരാതിക്കാരൻ പണം അയച്ച് നൽകിയത്.
ഇത്തരത്തിൽ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ആകെ 4,11,65,206/- രൂപ (നാല് കോടി പതിനൊന്ന് ലക്ഷത്തി അറുപത്തിയഞ്ചായിരത്തി ഇരുനൂറ്റിയാറ് രൂപ)യാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. സംഭവത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് കമ്മീഷൻ വ്യവസ്ഥയിൽ പണം കൈമാറിയിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. അശ്വത്.എസ്.കാരാൺമയിൽ, സൈബർ പോലീസ് സ്റ്റേഷൻ എസ്. ഐ കെ.വി. ജസ്റ്റിൻ, ഡ്രൈവർ എ എസ് ഐ ഷൈജു.വി.പി, സി.പി.ഒമാരായ ടി.പി. ശ്രീനാഥ്, ശബരിനാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  പോക്സോ കേസിൽ പ്രതി പിടിയിൽ.

Leave a Reply

Your email address will not be published. Required fields are marked *